ജില്ലയിലെ റീസര്‍വേ നടപടികള്‍ വേഗം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. വീണാ ജോര്‍ജ് എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നെന്നും എംഎല്‍എ പറഞ്ഞു. പത്തനംതിട്ട വില്ലേജിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. പുറമ്പോക്ക് സ്ഥലം കണ്ടെത്തണം. പുതുതായി സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് റീസര്‍വേ നടപടി വേഗം പൂര്‍ത്തിയാക്കണം. പത്തനംതിട്ട നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
അയിരൂര്‍ പഞ്ചായത്തിലെ ഞുങ്ങുതറ, വടശേരിക്കര പഞ്ചായത്തിലെ നരിക്കുഴി, കലശകുഴി എന്നിവിടങ്ങളില്‍ അംഗന്‍വാടികള്‍ നിര്‍മിക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. പമ്പാ ജലസേചന പദ്ധതിയുടെ സ്ഥലം ഇതിനായി വിട്ടുകിട്ടുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കണം. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ കുടുംബശ്രീ ആരംഭിച്ചിട്ടുള്ള ഗ്രീന്‍ കൗണ്ടര്‍ കം ലൈറ്റ് റിഫ്രഷ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തരുത്. മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗത്തിന്റെ പരിഗണനയിലുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നി നിയോജകമണ്ഡലത്തിലെ കരികുളം, മുക്കുഴി, കോട്ടൂപ്പാറ എന്നിവിടങ്ങളിലെ പട്ടയ വിതരണത്തിനുള്ള നടപടികള്‍ രാജു ഏബ്രഹാം എംഎല്‍എ വിലയിരുത്തി.
ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ആറന്മുള സത്രക്കടവില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി ഇ ടോയ്‌ലറ്റ് ഉള്‍പ്പെടെ ശുചിമുറി സൗകര്യം ഒരുക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. ടൂറിസം വകുപ്പിന്റെ ഇവിടെയുള്ള ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ട റിംഗ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കണം. ഓമല്ലൂര്‍-കുളനട റോഡ് നവീകരണം വേഗമാക്കണം. മുള്ളനിക്കാട് -ഓമല്ലൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് രണ്ടു സ്ഥലത്തു മാത്രം റോഡ് കുഴിക്കുന്നതിനും പൂര്‍വസ്ഥിതിയിലാക്കുന്നതിനും വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കണം. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കണം. പാലിച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കണം. പന്തളം -ഓമല്ലൂര്‍ റോഡില്‍ അമ്പലക്കടവിലെ കുടിവെള്ള പൈപ്പ് 15 ദിവസത്തിനുള്ളില്‍ വാട്ടര്‍ അതോറിറ്റി മാറ്റിയിടണം. മുള്ളനിക്കാട് കുടിവെള്ളം ലഭിക്കാത്ത 30 വീടുകളില്‍ ജലവിതരണത്തിന് വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം. വരട്ടാര്‍ നടപ്പാത നിര്‍മാണം ഇറിഗേഷന്‍ വകുപ്പ് വേഗമാക്കണം. പുതുക്കുളങ്ങര പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗമാക്കണം. ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ശുചീകരിക്കണം. കളക്ടറുടെ ബംഗ്ലാവിന്റെ നിര്‍മാണം ഉടന്‍ തുടങ്ങണം. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ പുല്ലാട്, വാര്യാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വാഹന നിരീക്ഷണത്തിനും കാമറ സ്ഥാപിക്കണം. ഇലന്തൂര്‍ ഗവണ്‍മെന്റ് കോളജിന് രണ്ട് ഏക്കര്‍ സ്ഥലം നെഗേഷ്യേറ്റഡ് പര്‍ച്ചേയ്‌സ് പ്രകാരം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ മൂന്നര ഏക്കര്‍ സ്ഥലം കോളജിനായി കൈമാറും. ഇവിടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍ കിറ്റ്‌കോ തയാറാക്കി വരുകയാണെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
മല്ലപ്പുഴശേരി മരുതൂര്‍ക്കടവില്‍ പമ്പാ നദീ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മേജര്‍ ഇറിഗേഷന്‍ വിഭാഗം തയാറാക്കി സമര്‍പ്പിച്ചു. പ്രളയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ സമര്‍പ്പിച്ചിരുന്ന മല്ലപ്പുഴശേരി, റാന്നി അങ്ങാടി, റാന്നി പെരിനാട്, വടശേരിക്കര, ആറന്മുള, അരുവാപ്പുലം, കുളനട, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആണെന്നും അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ വീണാ ജോര്‍ജ് എംഎല്‍എയെ അറിയിച്ചു.
റാന്നി താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തിയതായി ഡിഎംഒ(ആരോഗ്യം) രാജു ഏബ്രഹാം എംഎല്‍എയെ അറിയിച്ചു. വെച്ചൂച്ചിറ പോളിടെക്ക്‌നിക് പുതിയ സമുച്ചയത്തിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഡിസംബര്‍ 10ന് അകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം രാജു ഏബ്രഹാം എംഎല്‍എയെ അറിയിച്ചു.
പത്തനംതിട്ടയിലെ കോടതി കോംപ്ലക്‌സ് നിര്‍മാണം വേഗമാക്കണമെന്നും റിംഗ് റോഡിലെ നിര്‍ദിഷ്ട സ്ഥലത്തു തന്നെ സ്ഥാപിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. ശബരിമല സന്നിധാനത്ത് മീഡിയാ സെന്റര്‍ പൊളിച്ചു മാറ്റിയ സ്ഥലത്ത് അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്നത് തടയണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. ഇതിനായി വനം വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശഭരണസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ ചുമതലയിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇക്കാര്യം അവലോകനം ചെയ്യുകയും പൂര്‍ത്തീകരിക്കുന്നെന്ന് ഉറപ്പാക്കുകയും വേണം. സീതത്തോട്-പ്ലാപ്പള്ളി-നിലയ്ക്കല്‍ റോഡില്‍ ബിഎം ബിസി ചെയ്യുന്നതിന് മുന്‍പ് കുടിവെള്ള പൈപ്പ് ഇടണം. റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വലിയ ധനനഷ്ടം ഇതിലൂടെ ഒഴിവാക്കാം. കിഫ്ബി പദ്ധതിയിലെ വികസന പദ്ധതികളുടെ പുരോഗതി ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഉറപ്പാക്കണം. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങള്‍ പ്രളയകാലത്ത് ഒറ്റപ്പെടുന്നത് കണക്കിലെടുത്ത് ഇവിടേക്ക് എത്രയും വേഗം പാലം നിര്‍മിക്കണമെന്ന് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. മഞ്ഞത്തോട് ഭാഗത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട 39 സെമി നൊമഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശരേഖ നല്‍കുന്നതിനുള്ള നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ക്കായി ആറന്മുള സത്രക്കടവില്‍ താല്‍ക്കാലികമായി ഇ-ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറെയും ദേവസ്വം ബോര്‍ഡ് പ്രതിനിധിയെയും കളക്ടര്‍ ചുമതലപ്പെടുത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്‌സ് പി തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു