ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ മോക്ക് ഡ്രില്‍

അപകടഘട്ടത്തില്‍ രക്ഷാദൗത്യം ഉറപ്പാക്കുന്നതിനുള്ള മോക്ക് ഡ്രില്‍ സന്നിധാനത്ത് നടത്തുമെന്ന് സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍.നായര്‍ പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുമായും ജില്ലാ കളക്ടറുമായും ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സന്നിധാനത്ത് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെര്‍ച്ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത്് നിയന്ത്രാണാതീതമായാല്‍ അടിയന്തര സംവിധാനങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ വെര്‍ച്വല്‍ ക്യൂവഴി ഒരു ദിവസം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യും. ശരണപാതയില്‍ അനധികൃതമായി വഴിവാണിഭം നടത്തുന്നവരെ നിയന്ത്രിക്കാനും നടപടിയുണ്ടാകും. അനധികൃത വഴിവാണിഭക്കാര്‍ മോഷണം നടത്തുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ആളുകളെ തലച്ചുമടായി ടോളിയില്‍ കൊണ്ടുവരുന്നവര്‍ അന്യായ നിരക്കില്‍ പ്രതിഫലം വാങ്ങുന്നതിനെതിരെയും നടപടിയുണ്ടാകും. ഒരു ദിശയിലേക്ക് മാത്രം 2,000 രൂപയും സന്നിധാനത്ത് പോയി പമ്പയിലേക്ക് മടങ്ങിയെത്തുന്നതിന് 3,600 രൂപയുമാണ് അംഗീകൃത നിരക്ക്. ഇത് മറച്ചുവച്ച് കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ആര്‍.നായര്‍ പറഞ്ഞു.