മനാമ : രാജ്യത്ത് പന്നിയിറച്ചിയുടെ ഇറക്കുമതിയും, വില്പനയും നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പാര്‍ലമെന്റംഗത്തിന്റെ അപേക്ഷ ബഹ്റിൻ ഗവണ്മെന്റ് തള്ളി. മുസ്ലിംങ്ങളല്ലാത്ത നിരവധി പേരും ബഹ്റിനിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് കണക്കിലെടുത്താണ് നടപടി.
പന്നിയിറച്ചി ഉപയോഗിക്കുന്നത് ഇസ്ലാമിന് എതിരാണെന്നും, ഒരു മുസ്ലിം രാഷ്ട്രമെന്ന നിലയിൽ ബഹ്റിൻ ശരീഅ നിയമം അനുസരിക്കണമെന്നും എം.പി അബ്ദുള്ള ബിന്‍ ഹൊവൈല്‍ ആണ് ആവശ്യപ്പെട്ടതു . പന്നിയിറച്ചിയും, അതു കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളും രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2015 ൽ ആണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.
എന്നാൽ ഷൂറാ കൌൺസിൽ പന്നിയിറച്ചി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് പീനൽ കോഡ് ഭേദഗതി ചെയ്യുന്നതിനെ എതിർക്കുകയാണുണ്ടായത്. പന്നിയിറച്ചി നിരോധിക്കുന്നത് രാജ്യത്തുള്ള മുസ്ലിങ്ങളല്ലാത്തവരുടെ അവകാശങ്ങളുടെ ലംഘനമായി തീരുമെന്ന് കൌൺസിൽ അംഗങ്ങൾ വിലയിരുത്തി.