ഹോട്ടലില്‍ സേവനം ഇഷ്ടമായാല്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതി

സേവന നികുതിക്കു പുറമെ ‘സര്‍വീസ് ചാര്‍ജ്’ എന്ന പേരില്‍ ഹോട്ടലുകളില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലങ്കില്‍ സര്‍വീസ് ചാര്‍ജ് നിഷേധിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ക്ക് കാണാവുന്ന തരത്തില്‍ എല്ലാ ഹോട്ടലുകളിലും അറിയിപ്പ് സ്ഥാപിക്കണം എന്ന് നിര്‍ദ്ദേശം നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മിക്ക ഹോട്ടലുകളും ഉപഭോക്താക്കളില്‍നിന്ന് നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് വാങ്ങുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഹോട്ടലിലെ ജീവനക്കാര്‍ക്ക് അവരുടെ സേവനം ഇഷ്ടപ്പെട്ടാല്‍ ഉപഭോക്താക്കള്‍ ‘ടിപ്പ്’ നല്‍കുന്നത് പതിവാണെങ്കിലും ഇത് ബില്ലിനൊപ്പം ചേര്‍ക്കുന്നതോടെ പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതായാണ് പരാതി. സേവന നികുതി എന്ന പേരില്‍ വാങ്ങുന്ന പണത്തിനു പുറമെയാണ് ഹോട്ടലുകള്‍ ‘സര്‍വീസ് ചാര്‍ജ്’ എന്ന പേരില്‍ ബില്ലിന്റെ അഞ്ചു മുതല്‍ 20 ശതമാനം വരെ ഈടാക്കുന്നത്. ‘സര്‍വീസ് ചാര്‍ജ്’ നല്‍കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് ‘ടിപ്പ്’ നല്‍കുന്ന ഉപഭോക്താക്കളും കുറവല്ല.