സൈക്കിളിന്റെ പേരിലും സമാജ് വാദി പാര്‍ട്ടിയില്‍ പൊരിഞ്ഞ അടി

പാര്‍ട്ടി ചിഹ്നമായ സൈക്കിളിന്റെ പേരിലും സമാജ് വാദി പാര്‍ട്ടിയില്‍ പൊരിഞ്ഞ അടി. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. നാളെ അഖിലേഷ് യാദവിന്റെ പക്ഷത്ത് നില്‍ക്കുന്ന നേതാക്കളും ഇതേ ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് വിവരം.
താനാണ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനെന്നും അഖിലേഷിനെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത് പ്രമേയം പാസാക്കിയ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മുലായം വിശദീകരിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിന്റെ പിന്തുണയും തനിക്കാണെന്ന് മുലായം ചൂണ്ടിക്കാട്ടി.പാര്‍ട്ടി കണ്‍വെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് മുലായം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ കലഹം സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.