ദുബായിൽ പുതുവര്‍ഷ ദിനത്തില്‍ പിറന്നാള്‍ ആഘോഷിച്ച ശേഷം യുവാവ് ജീവനൊടുക്കി. സംഭവത്തില്‍ പോലീസ് 28കാരനായ യുവാവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. അതേസമയം ആത്മഹത്യ ചെയ്ത യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 2018 പിറന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് യുവാവ് അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. നഗരം പുതുവര്‍ഷ ആഘോഷത്തില്‍ മുഴുങ്ങിയിരിക്കുമ്പോള്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വരുന്നതെന്നും ഉടന്‍ തന്നെ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചുവെന്നും ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം സുറോര്‍ പറഞ്ഞു. 1990 ജനുവരി ഒന്നിനാണ് യുവാവ് ജനിച്ചത്. അതേസമയം വളരെ അപൂര്‍വമായ സംഭവമാണെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുകയും പുതുവര്‍ഷ ആഘോഷങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. പിന്നീട്, മുറിയില്‍ പോയി വാതില്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിലപാട്. കഴിഞ്ഞ കുറച്ചുകാലമായി യുവാവിന് കടുത്ത വിഷാദം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. അതേസമയം മരണവിവരം ബന്ധുക്കളെയും എംബസിയെയും അറിയിച്ചതായി പോലീസ് പറഞ്ഞു.
പുതുവര്‍ഷ ദിനത്തില്‍ പിറന്നാള്‍ ആഘോഷിച്ച ശേഷം യുവാവ് ജീവനൊടുക്കി
RELATED ARTICLES