Friday, April 19, 2024
HomeNationalക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ വിലക്കിയിട്ടില്ലെന്ന് വിശ്വേഷ തീര്‍ത്ഥ സ്വാമി

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ വിലക്കിയിട്ടില്ലെന്ന് വിശ്വേഷ തീര്‍ത്ഥ സ്വാമി

ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ എവിടെയും വിലക്കിയിട്ടില്ലെന്ന് കര്‍ണാടകത്തിലെ പേജവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി. ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ദേശീയ ദിനപ്പത്രമായ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കാലം മാറുന്നതിനനുസരിച്ചും ആളുകള്‍ മാറുന്നതിനനുസരിച്ചും ക്ഷേത്രങ്ങളുടെ ആചാരങ്ങളും നിയമങ്ങളും മാറണമെന്നും ശ്രീശൈല മഠാധിപതി ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി അഭിപ്രായപ്പെട്ടു.

ആചാരങ്ങളുടെ പേരില്‍ ദളിതര്‍ക്ക് മുൻപ് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നതും പിന്നീട് ആചാരം ലംഘിച്ച്‌ ദളിതര്‍ ക്ഷേത്ര പ്രവേശനം നേടിയതും പേജാവര്‍ മഠാധിപതി ചൂണ്ടിക്കാട്ടി. ദളിതര്‍ കയറിയതുകൊണ്ട് ദേവചൈതന്യത്തിന് കുറവൊന്നുമുണ്ടായിട്ടില്ല. രാജ്യത്തെ മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നിരിക്കെ ശബരിമലയില്‍ മാത്രം വിലക്ക് എന്തിനെന്ന് മനസിലാകുന്നില്ല. വിലക്കിന് കാരണമെന്നതായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ലെന്നും വിശ്വേഷ തീര്‍ത്ഥ സ്വാമി പറഞ്ഞു.

അതേസമയം ശബരിമലയിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ശ്രീശൈല മഠാധിപതി ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധിക്കാനുള്ള അവകാശമുണ്ട്. ആരാധനാ വിഷയങ്ങളില്‍ ലിംഗ വിവേചനം പാടില്ല. ചില ക്ഷേത്രങ്ങളിലെ ആചാരപ്രകാരം പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച്‌ ഇതും മാറണമെന്നും ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments