Thursday, March 28, 2024
HomeInternationalനാട്ടുകാർക്ക് വീട് കിട്ടാനില്ല; കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

നാട്ടുകാർക്ക് വീട് കിട്ടാനില്ല; കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

ഒട്ടാവ ∙ കാനഡയിൽ വിദേശികൾക്ക് വീടു വാങ്ങുന്നതിന് 2 വർഷത്തെ വിലക്ക്. ഞായറാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. തദ്ദേശീയർക്കു വാങ്ങാൻ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതോടെയാണു നടപടി. അഭയാർഥികൾക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാർക്കും (പെർമനന്റ് റെസിഡന്റ്സ് – പിആർ) ഉൾപ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്. വേനൽക്കാല വസതികൾ ഉൾപ്പെടെയുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിനു വിലക്കില്ല. 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2 വർഷത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്ന കാര്യം വാഗ്ദാനം ചെയ്തത്. കനേഡിയൻ പൗരന്മാർക്ക് അപ്രാപ്യമായ തരത്തിൽ വസ്തുവില ഉയർന്നുനിൽക്കുകയായിരുന്നു അപ്പോൾ. വാൻകൂവർ, ടൊറന്റോ പോലുള്ള സ്ഥലങ്ങളിൽ നോൺ റെസി‍ഡന്റ്സിനും ഒഴിഞ്ഞ വീടുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. വിദേശികൾക്ക് വീടു വാങ്ങുന്നതിനു വിലക്കേർപ്പെടുത്തിയത് കാര്യമായ പ്രയോജനം ഉണ്ടാക്കുമെന്നു തോന്നുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്ക് പ്രകാരം ഇവർ കാനഡയുടെ ജനസംഖ്യയിൽ 5 ശതമാനത്തിൽ താഴെയാണ്. ആവശ്യത്തിന് അനുസരിച്ച് കൂടുതൽ വീടുകൾ നിർമിക്കുകയാണ് പരിഹാരമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോൾ 1.9 കോടി വീടുകൾ എങ്കിലും വേണ്ടിവരുമെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ ജൂണിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതായത്, 58 ലക്ഷം പുതിയ വീടുകൾ നിർമിക്കേണ്ടി വരും. നിലവിൽ കരുതിയതിലും 35 ലക്ഷം അധികം വീടുകളാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments