പദ്മാവത് സിനിമയുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ട സമരങ്ങൾക്കും കൊലവിളികൾക്കും ശേഷം മലക്കംമറിഞ്ഞ് രജപുത് കർണിസേന. പദ്മാവത് മികച്ച സിനിമയാണെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കുകയാണെന്നും കർണിസേന അറിയിച്ചു. രജപുത് സമൂഹത്തെ മഹത്വവത്കരിക്കുന്ന സിനിമയാണ് സഞ്ജയ് ലീല ബെൻസാലിയുടെ പദ്മാവതെന്നാണ് കർണിസേനയുടെ സർട്ടിഫിക്കറ്റ്.
ദേശീയ അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമതിയുടെ നിർദേശ പ്രകാരം സേനയിലെ ചില അംഗങ്ങൾ സിനിമ കണ്ടെന്നും അവർ മികച്ച അഭിപ്രായമാണ് നൽകിയതെന്നും കർണിസേനയുടെ മുംബൈയിലെ നേതാവ് യോഗേന്ദ്ര സിംഗ് കട്ടാർ പറഞ്ഞു. സിനിമ കണ്ട് അവർ മികച്ച അഭിപ്രായം പറഞ്ഞെന്നു മാത്രമല്ല, എല്ലാ രജപുത്രരും നിർബന്ധമായും കാണേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. രജപുത് സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിൽ ഡൽഹി സുൽത്താൻ അല്ലാവുദ്ദീൻ ഖിൽജിയും റാണി പദ്മാവതിയും തമ്മിലുള്ള മോശമായ രംഗങ്ങളൊന്നും സിനിമയിലില്ല. അതിനാൽ കർണിസേന സിനിമയ്ക്കെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണ്. ചിത്രം രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തും റിലീസ് ചെയ്യാൻ അധികൃതർക്കു വേണ്ട സഹായം നൽകുമെന്നും കർണിസേന തലവൻ അയച്ച കത്തിൽ പറഞ്ഞു.
കഴിഞ്ഞ ജനുവരി 25 ന് ആണ് സിനിമ റിലീസ് ചെയ്തത്. പദ്മാവത് പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് കർണിസേന വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഇവിടുത്തെ സർക്കാർ തന്നെ നിലപാടെടുത്തു. സുപ്രീം കോടതിയുടെ ഇടപെടലിലാണ് ചിത്രം പ്രദർശിപ്പിക്കാനായത്.