കാമുകനായ 23 കാരനെ കാമുകിയുടെ ബന്ധുക്കൾ കഴുത്തറുത്ത് കൊന്നു. ഫോട്ടോഗ്രാഫർ അങ്കിത് സക്സേനയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെയും പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി അങ്കിത് മുസ്ലിം സമുദായാംഗമായ 20കാരി ഷെഹ്സാദിയയുമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായക്കാരായതിനാൽ ഇൗ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. എതിർപ്പ് വകവെക്കാതെ ബന്ധം തുടരുന്നതിൽ രോഷാകുലരായ പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രാത്രി ഒമ്പേതാടെയാണ് യുവാവിനെ ആക്രമിച്ചത്. അങ്കിതിനെ സ്വന്തം വീടിനു സമീപത്തെ റോഡിൽ വച്ച് മർദ്ദിക്കുകയും കത്തികൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാതാവ് സംഭവസ്ഥലത്ത് ഒാടി എത്തിയപ്പോഴേക്കും അങ്കിതിന് കുത്തേറ്റിരുന്നു.
അങ്കിതും പെൺകുട്ടിയും മുൻപ് അയൽക്കാരായിരുന്നു. കുടുംബം താമസം മാറ്റിയിട്ടും ബന്ധം ഒഴിയാൻ പെൺകുട്ടി തയാറായിരുന്നില്ല. അതസമയം, കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുമ്പ് പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം അങ്കിത് നിഷേധിച്ചതായി പൊലീസ് പറയുന്നു. കൊലപാതകത്തെ തുടർന്ന് സമുദായ സംഘർഷം ഉണ്ടായേക്കാമെന്ന ഭീതിയിൽ പ്രദേശത്ത് ശക്തമായ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.