106-ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 4 മുതൽ 11 വരെ പമ്പ മണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ നടക്കും. സമ്മേളന നഗറിലേക്കുള്ള വിദ്യാധിരാജ ജ്യോതിപ്രയാണം ഇന്നു ചട്ടമ്പിസ്വാമി സമാധി സ്ഥലമായ പന്മന ആശ്രമത്തിൽ നിന്നും ആരംഭിക്കുമെന്ന് ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. 4ന് ഉച്ച കഴിഞ്ഞ് മൂന്നിന് ബംഗളുരു സുബ്രഹ്മണ്യ മഠാധിപതി വിദ്യാപ്രസന്ന തീർഥസ്വാമി പരിഷത്ത് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ, രാജു ഏബ്രഹാം എംഎൽഎ എന്നിവർ പ്രസംഗിക്കും.സമ്മേളന നഗറിലേക്കുള്ള ജ്യോതിപ്രയാണം, ഛായാചിത്രം, പതാക എന്നിവ നാലിനു രാവിലെ ചെറുകോൽപ്പുഴയിലെത്തും. 11ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയർത്തും.
വിവിധ ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ നാഗർകോവിൽ ശ്രീധരസ്വാമികൾ, സ്വാമി ഉദിത്ചൈതന്യ, ഡോ.എൻ. ഗോപാലകൃഷ്ണൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, സ്വാമി പ്രഭാകരാനന്ദ, ജയസൂര്യൻ പാല, സ്വാമി സച്ചിദാനന്ദ, രാജേഷ് നാദാപുരം, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല എന്നിവർ പ്രഭാഷണം നടത്തും. ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് നീതിശാസ്ത്രം ഭാരതീയ ദൃഷ്ടിയിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ ജഡ്ജി ജോണ് കെ. ഇല്ലിക്കാടൻ ഉദ്ഘാടനം ചെയ്യും. എട്ടിന് 2.30ന് അയ്യപ്പ ഭക്തസമ്മേളനം കൊളത്തൂർ അദ്വൈതാശ്രമ അധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി.തോമസ് മുഖ്യാതിഥി ആയിരിക്കും. 9ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആചാര്യാനുസ്മരണ സമ്മേളനം ശ്രീക്ഷേത്ര സിദ്ധഗിരി മഠാധിപതി അദൃശ്യ കാട്സിദ്ധേശ്വര സ്വാമി ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷത വഹിക്കും. കേശവാനന്ദഭാരതി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥി ആയിരിക്കും.
10ന് മൂന്ന് മണിക്ക് വനിതാസമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷീഭായി ഉദ്ഘാടനം ചെയ്യും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അധ്യക്ഷത വഹിക്കും. ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. പതിനൊന്നാം തീയതി രാവിലെ 10ന് മതപാഠശാല, ബാലഗോകുലം സമ്മേളനം കെ.എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനസമ്മേളനം അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തീർഥപാദാശ്രമ അധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. കെ.എൻ. ഗോവിന്ദാചാര്യ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ശ്രീവിദ്യാധിരാജ ദർശന പുരസ്കാരം ഒ. രാജഗോപാൽ എംഎൽഎയ്ക്ക് സമർപ്പിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എൻ. ഉപേന്ദ്രനാഥകുറുപ്പിനെ ആദരിക്കും.
കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളായിരിക്കും.ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായർ, ഭാരവാഹികളായ എം. അയ്യപ്പൻകുട്ടി, അനിരാജ് ഐക്കര, കെ.കെ. ഗോപിനാഥൻ നായർ, രവി കുന്നക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു