കനകദുര്‍ഗയെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്

kanakadhurga

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. കനകദുര്‍ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ആര് അയച്ചതാണെന്ന് വ്യക്തമല്ല. ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ കനകദുര്‍ഗയെയും അവരോടൊപ്പം ദര്‍ശനം നടത്തിയ ബിന്ദുവിനെയും അപായപ്പെടുത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഊമക്കത്തും ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്ത് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.