ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

Hindhu Maha sabha

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ വെടിവെച്ചു കൊല്ലുന്നത് പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.

തിങ്കളാഴ്ച എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ യോഗം നടത്തുവാന്‍ തീരുമാനിച്ചതായി ഇന്നു പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ കോണ്‍ഗ്രസ് അറിയിച്ചു. ഏറ്റവും നിന്ദ്യവും പ്രകോപനപരവുമായ നടപടിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാര്‍ത്ത കുറിപ്പില്‍ കോണ്‍ഗ്രസ് പറഞ്ഞു.

ഇത്തരം നീച പ്രവൃത്തിയ്ക്ക് ഭരിക്കുന്ന പാര്‍ട്ടിയുടെ രഹസ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന കാര്യം സ്പഷ്ടമാണ്. ഇതാണ് രാഷ്ട്ര പിതാവായ മഹാത്മഗാന്ധി മൂന്നോട്ട് വെച്ച സാഹോദര്യം, അഹിംസ, മതേതരത്വം എന്നിവയ്ക്കുനേരെ ഉയര്‍ന്ന വിദ്വേഷത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

അതിനാല്‍ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നാളെ രാവിലെ പത്തുമണിക്ക് പ്രതിഷേധ യോഗം സംഘടിപ്പിക്കണം മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ, ഗാന്ധി പ്രതിമയുള്ള സ്ഥലങ്ങളോ, ഇതിനായി തെരഞ്ഞെടുക്കാം. അദ്ദേഹത്തിന്റെ സന്ദേശം ഉള്‍ക്കോള്ളുന്ന പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി വേണം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും വാര്‍ത്താ കുറിപ്പില്‍ കൊണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിര്‍ത്ത് ഹിന്ദുമഹാസഭ രക്തസാക്ഷിത്വം ആഘോഷിച്ചത്.

അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ വെടിയുതിര്‍ത്തത്.