ഇന്ത്യയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ പദ്ധതി തയാറാക്കുന്നു. മൂല്യം കൂടിയ 2000, 500 രൂപ നോട്ടുകളുടെ സുരക്ഷയാണ് വർധിപ്പിക്കുന്നത്. എല്ലാ 3–4 വർഷങ്ങൾ കൂടുമ്പോഴും രാജ്യാന്തര നിലവാരത്തിനൊത്ത് മാറ്റങ്ങൾ വരുത്താനാണ് തീരുമാനം.
കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും വ്യാപനം തടയാനാണ് 1000, 500 നോട്ടുകൾ കഴിഞ്ഞ വർഷം അസാധുവാക്കിയത്. എന്നാൽ ഇതിനുപിന്നാലെ നടന്ന പരിശോധനകളിലും വ്യാജ നോട്ടുകൾ വ്യാപകമായി കണ്ടെത്തി. പുതിയ 2000 രൂപ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങളിലെ 17ൽ 11 ഉം കള്ളനോട്ടുകളിൽ പകർത്തിയതായും കണ്ടെത്തി. നോട്ടിലെ സുതാര്യമായ സ്ഥലം, വാട്ടർമാർക്ക്, അശോക സ്തംഭം, ഇടതുവശത്തു രേഖപ്പെടുത്തിയ 2000 രൂപ, റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ്, ദേവനാഗരി ലിപിയിലുളള എഴുത്തുകൾ തുടങ്ങിയവയാണ് പകർത്തിയതെന്ന് അധികൃതർ പറഞ്ഞു.
ധന–ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. വികസിത രാജ്യങ്ങളിൽ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ 3–4 വർഷങ്ങൾ കൂടുമ്പോഴും മാറ്റാറുണ്ട്. ഇന്ത്യയിലും ഇത്തരം മാർഗങ്ങൾ സ്വീകരിക്കണം. നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നില്ല.
ഐഎസ്ഐയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ അച്ചടിച്ചവയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്ത കള്ളനോട്ടുകളെന്നും ബംഗ്ലദേശ് വഴിയാണ് ഇവ ഇന്ത്യയിലെത്തിച്ചതെന്നും അധികൃതർ പറഞ്ഞു. സുരക്ഷയിലെ മാറ്റങ്ങൾ വഴി കള്ളനോട്ടുകൾ വ്യാപിക്കുന്നത് തടയാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.