പത്തനംതിട്ടയിലും വയനാട്ടിലും ഒരാൾ വീതം മരിച്ചതോടെ എച്ച്1എൻ1 ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 48ലേക്ക്. കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലും കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചു. പകർച്ചപ്പനി ബാധിച്ച് കോട്ടയത്ത് ഒരാളും മരിച്ചു.
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി രാജു എബ്രഹാം (63), വയനാട് മീനങ്ങാടി സ്വദേശി വിമല (56) എന്നിവരാണ് എച്ച്1എൻ1 ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കൊല്ലം കെ.എസ് പുരം സ്വദേശി മധുസൂദനൻ (55), ഡെങ്കി ലക്ഷണങ്ങളുമായി ചകിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം ആദിച്ചനല്ലൂർ സ്വദേശി ജനാർദനൻ (82) എന്നിവരും മരിച്ചു. പകർച്ചപ്പനി ബാധിച്ച് കോട്ടയം പായിപ്പാട് സ്വദേശി രാജപ്പനാണ് (42) മരിച്ചത്.
എറണാകുളത്ത് ആറുപേർക്ക് ഉൾപ്പെടെ 13 പേർക്കുകൂടി സംസ്ഥാനത്ത് വെള്ളിയാഴ്ച എച്ച്1എൻ1 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 37 പേർക്കും കൊല്ലത്ത് 41 പേർക്കും പത്തനംതിട്ടയിൽ 17 പേർക്കും കോഴിക്കോട് 10 പേർക്കുമടക്കം സംസ്ഥാനത്ത് വെള്ളിയാഴ്ച 134 പേർക്ക് കൂടി ഡെങ്കി കെണ്ടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 525 പേരും വിവിധ ആശുപത്രികളിൽ ചികിത്സതേടി. തിരുവനന്തപുരത്ത് അഞ്ചുപേർക്കുൾപ്പെടെ 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 11 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സക്കെത്തി. പകർച്ചപ്പനി ബാധിച്ച് മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി 11,013 പേർ ചികിത്സതേടി.