സൈനികരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ, ലഫ്റ്റനന്റ് കേണലിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണൽ രംഗനാഥൻ സുവ്റമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് കൈക്കൂലി മേടിക്കുന്നതിനിടെ സി.ബി.ഐ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോഴായിരുന്നു ഡൽഹിയിലെ സൈനിക ആസ്ഥാനത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും സ്ഥലംമാറ്റത്തിന്റെ പേരിൽ കൈക്കൂലി വാങ്ങുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കെണിയൊരുക്കിയത്. അതേസമയം, ഹാവാല വഴിയാണ് പണം എത്തിക്കുന്നത് എന്നാണ് സി.ബി.ഐക്ക് ലഭിക്കുന്ന വിവരം. സൈനികർക്കിടയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്ന് ദേശീയ കുറ്റാന്വേഷണ ഏജൻസി അന്വേഷിച്ച് വരികയാണ്.