അമിത് ഷാ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു

bjp

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം സംസ്ഥാനത്തിന് നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. അതേസമയം, അമിത് ഷായുടെ മടങ്ങിപ്പോക്കിന് പിന്നാലെ സംസ്ഥാനത്തിന് പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് സൂചന. ആര്‍.എസ്.എസ് നേതൃത്വവുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം. നേരത്തെ ആര്‍.എസ്.എസ് പ്രചാരക് ബൈഠക്കിലും സംസ്ഥാന ബി.ജെ.പിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേന്ദ്ര നേതാക്കളായ വി.മുരളീധര്‍ റാവു, വി.എല്‍ സന്തോഷ്, എച്ച്‌ രാജ, എല്‍. ഗണേഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം. അമിത് ഷാ അല്‍പസമയത്തിനകം ആര്‍.എസ്.എസ് നേതൃത്വവുമായും ചര്‍ച്ച നടത്തും.