എസ്‌എസ്‌എല്‍സി പരീക്ഷ ഒരാഴ്ച വൈകി മാര്‍ച്ച്‌ 13 മുതല്‍ 27 വരെ നടത്താന്‍ ശുപാര്‍ശ

എസ്‌എസ്‌എല്‍സി പരീക്ഷ ഒരാഴ്ച വൈകി മാര്‍ച്ച്‌ 13 മുതല്‍ 27 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. നേരത്തെ മാര്‍ച്ച്‌ ആറു മുതല്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പരീക്ഷ ഏപ്രില്‍ ആദ്യവാരം തീര്‍ക്കുന്നവിധത്തില്‍ പുനക്രമീകരിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടന്നെങ്കിലും ഇതിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമായി. ഇതുകൂടി പരിഗണിച്ച്‌ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടു. മാര്‍ച്ച്‌ 13, 14, 18, 19, 20, 21, 25, 26, 27 എന്നിങ്ങനെയാണ് എസ്‌എസ്‌എല്‍സി പരീക്ഷകളുടെ പുനക്രമീകരിച്ച തീയതികള്‍. ദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി വാര്‍ഷിക പരീക്ഷ എല്ലാദിവസവും രാവിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയോടൊപ്പം നടത്താനുള്ള അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതിനും തീരുമാനിച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് തുടര്‍ച്ചയായ അവധികള്‍ കാരണം 200 അധ്യയന ദിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വാര്‍ഷിക പരീക്ഷ നീട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിച്ചത്. ആഗസ്ത് 30ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ 31 ലേയ്ക്ക് മാറ്റുന്നതിന് ശുപാര്‍ശ ചെയ്തു. 30ന് നിശ്ചയിച്ച പരീക്ഷ സെപ്തമ്ബര്‍ 10ന് നടത്തും. മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവൃത്തിക്കുന്ന സ്കൂളുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയും ഇതോടൊപ്പം നടക്കും. മഴക്കെടുതിമൂലം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ട ജില്ലകളിലെ സ്കൂളുകളില്‍ അധ്യയന ദിനങ്ങള്‍ ക്രമീകരിക്കാന്‍ മേല്‍ ശുപാര്‍ശകള്‍ക്കു പുറമേ ആറാം പ്രവൃത്തിദിനം ഉള്‍പ്പെടെ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള മറ്റു ശനിയാഴ്ചകള്‍കൂടി പ്രവൃത്തി ദിനമായി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു. അതാത് ജില്ലകളിലെ ഉപഡയറക്ടര്‍മാര്‍ അടിയന്തിരമായി ജില്ലാതലത്തില്‍ ക്യൂഐപി യോഗം വിളിച്ചുകൂട്ടി ജില്ലകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ പരിഹരിക്കണം. ഇനിയുള്ള സ്കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതികൂടാതെ യാതൊരുവിധ പാഠ്യേതര പരിപാടികളും നടത്താന്‍ പാടുള്ളതല്ല. വിദ്യാലയങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്കു പുറമെ അധ്യാപ സംഘടനാ ഭാരവാഹികളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, പി ഹരിഗോവിന്ദന്‍, ജെയിംസ് കുര്യന്‍ എ കെ സൈനുദ്ദീന്‍, ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു. മേധാവികളും അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.