ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. മുതിർന്ന അഭിഭാഷകരുമായി ഇതിനായി കൂടിയാലോചന തുടങ്ങി. കഴിഞ്ഞ തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ ബി. രാമൻ പിള്ള തന്നെയാകും വീണ്ടും ഹാജരാകുക. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ ദിലീപ് ജയിലിൽ രണ്ടുമാസം തികയ്ക്കാറാകുകയാണ്. ഇതിനിടെ, മൂന്നുതവണ ജാമ്യത്തിനു ശ്രമിച്ചു. ഇതിൽ രണ്ടുതവണയും ഹൈക്കോടതി അപേക്ഷ തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും തെളിവു നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യുഷൻ വാദം എടുത്തുപറഞ്ഞാണു രണ്ടു തവണയും ജാമ്യം തള്ളിയത്. ഈ സാഹചര്യത്തിൽ അൽപം കൂടി കാത്ത് അന്വേഷണം ഒരുഘട്ടം കൂടി പിന്നിട്ടശേഷം വീണ്ടും ശ്രമിക്കുകയാണു പതിവുരീതി. എന്നാൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന അന്വേഷണം തിടുക്കത്തിൽ പൂർത്തിയാക്കി പൊലീസ് കുറ്റപത്രം നൽകിയാൽ മോചനം അനന്തമായി നീണ്ടുപോകാനുള്ള സാധ്യതയും മുന്നിലുണ്ട്. അങ്ങനെ വന്നാൽ ജയിലിൽ കിടന്നുതന്നെ വിചാരണ നേരിടേണ്ടിവരാം. ഇതെല്ലാം കണക്കിലെടുത്താണു പുതിയ നീക്കം.എത്രയും വേഗത്തിൽ ഒരു തവണ കൂടി ശ്രമിക്കാമെന്നാണു ദിലീപിന്റെ പക്ഷത്ത് ഉണ്ടായിട്ടുള്ള ധാരണ. രണ്ടാം തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ ബി. രാമൻ പിള്ള തന്നെയാകും വീണ്ടും ഹാജരാകുക.
അവധിക്കാല ബെഞ്ചിൽ അപേക്ഷ ഫയൽ ചെയ്യാനാണ് ആലോചന. അങ്ങനെയായാൽ ഓണാവധിക്കുശേഷം ഹൈക്കോടതി തുറന്നാലുടൻ പരിഗണനയ്ക്കു വരാം. അതേസമയം, ആദ്യം ജാമ്യത്തിനായി ശ്രമിച്ചപ്പോൾ നിലനിന്ന സാഹചര്യങ്ങൾ മാറിയിട്ടില്ല എന്നാണു രണ്ടാം തവണ ജാമ്യം തള്ളിയപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അന്വേഷണം പൂർത്തിയായിട്ടില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു കോടതി. സാഹചര്യം അതേപടി നിലനിൽക്കുമ്പോൾ തിടുക്കത്തിൽ വീണ്ടും ജാമ്യത്തിനായി ശ്രമിക്കുന്നത് എത്ര ഗുണകരമാകും എന്നതിലും ആശയക്കുഴപ്പമുണ്ട്. അതുകൊണ്ടു തന്നെ മറ്റ് അഭിഭാഷകരുമായും കൂടിയാലോചനകൾ നടക്കുകയാണ്.