കണ്ണന്താനം വഴി കേരളത്തില്‍ താമരയുടെ വളര്‍ച്ച സാധ്യതകള്‍ തേടി മോദി

kannathanam

കണ്ണന്താനം വഴി കേരളത്തില്‍ താമരയുടെ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തേടി മോദി സർക്കാർ. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയിലൂടെ ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍ പുതിയ സാധ്യതകള്‍ തേടുമ്പോള്‍ സംസ്ഥാന നേതൃത്വം ഞെട്ടലിലാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളെയും ആര്‍.എസ്.എസ്സിനെയും പൂര്‍ണ്ണമായും കേന്ദ്രം ഒരിക്കല്‍ കൂടി തഴഞ്ഞു.
കാത്ത് കാത്തിരുന്ന് കിട്ടിയ മന്ത്രിസ്ഥാനമാണെങ്കിലും, ദില്ലിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനത്ത് ആരവങ്ങളോ ആഘോഷങ്ങളോ ഇല്ല. കേരളത്തിനുള്ള ഓണസമ്മാനമാണ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്നാണ് കുമ്മനത്തിന്റെ പ്രസ്താവന. പക്ഷെ ഓണവും മന്ത്രിസ്ഥാനവും ഒരുമിച്ചെത്തിയിട്ടും കണ്ണന്താനത്തിന്റെ ജന്മനാടായ മണമലയിലൊഴികെ സംസ്ഥാനത്ത് മറ്റെവിടെയും കാര്യമായ ആഹ്ലാദ പ്രകടനങ്ങളുണ്ടായില്ല. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തെ സന്ദര്‍ശകര്‍ക്കുള്ള മുറിയിലെ ടി.വി ഓണാണെങ്കിലും ദൃശ്യങ്ങളൊന്നും കാണുന്നില്ല.
ഓണാവധിയല്ലേ… അപ്രതീക്ഷിത തീരുമാനമല്ലേ… അതാണ് ലഡ്ഡുവും പ്രകടനങ്ങളും ഇല്ലാത്തതെന്ന് ഒരു ജില്ലാ നേതാവ് അനൗദ്യോഗികമായി പറഞ്ഞു. ദില്ലിയില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കത്തിന്റെ ആഘാതത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം. കുമ്മനത്തിന്റേതടക്കമുള്ള പേരുകള്‍ ആര്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നു. സംസ്ഥാന നേതാക്കളോടും ആര്‍.എസ്.എസിനോടും ഒന്നും ആലോചിക്കാതെയാണ് തീരുമാനം വന്നത്. തമ്മിലടിയും മെ‍ഡിക്കല്‍ കോഴ വിവാദങ്ങളുമൊക്കെ പലരുടേയും സാധ്യതകള്‍ ഇല്ലാതാക്കി. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധമുള്ള അല്‍ഫോന്‍സ് കണ്ണന്താനം വഴി കേരളത്തില്‍ താമരയുടെ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തേടുകയാണ് മോദിയും അമിത്ഷായും. നേതൃത്വത്തെ തഴഞ്ഞുള്ള മന്ത്രിസ്ഥാനത്തിന് പിന്നാലെ സംഘടനയിലും ഇനി സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകുമോ എന്ന ആശങ്കയും സംസ്ഥാന നേതാക്കള്‍ക്കുണ്ട്.