ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി തൂങ്ങി മരിച്ചു

suicide

തലസ്ഥാനത്തെ വനിതാ ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേമം അമ്പത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ റിന്‍സിയാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയില്‍ പന്ത്രണ്ട് മണിക്ക് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. റിന്‍സിയുടെ മൂത്ത സഹോദരി ഫാത്തിമ രഹ്ന കഴിഞ്ഞ മെയ് മാസത്തിലാണ് പനവിള ജംഗ്ഷനിലുള്ള ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. നിംസ് ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയായ റിന്‍സി സഹോദരിയുടെ മരണത്തോടെ ഏറെ വിഷാദത്തിലായിരുന്നു. ഇന്നലെ രാത്രിയില്‍ പഠിച്ചു കൊണ്ടിരിക്കെ മാതാവ് റഫീക്ക സമയം ഏറെ വൈകിയതിനാല്‍ കിടന്നുറങ്ങാന്‍ പറഞ്ഞു. പിന്നീട് രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. സംഭവം അറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. റിന്‍സിയുടെ സഹോദരന്‍ റജിന്‍ വിദേശത്താണ്. ഇയാള്‍ എത്തിയതിന് ശേഷം നാളെ മൃതദേഹം സംസ്‌ക്കരിക്കും. അഞ്ചുമാസം മുമ്ബാമ് തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാലാണ് ആത്മഹത്യയെന്നായിരുന്നു പൊലീസ് വിശദീകരണം. 24 കാരിയായി ഫാത്തിമ രഹ്നയെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയിലാമ് കണ്ടെത്തിയത്. പെണ്‍കുട്ടി ഭിന്ന ലിംഗക്കാരുടെ സംഘടനയില്‍ അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആണ്‍കുട്ടികളുടെ പ്രകൃതവുമായിരുന്നു. പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തില്‍ നിന്നായിരുന്നു ചാടി മരിച്ചത്. മുസ്ലിം വനിതാ അസോസിയേഷന്‍ ഹോസ്റ്റലിലായിരുന്നു ദുരന്തം. രക്ഷിതാക്കളും സഹോദരന്‍ റജിനും വര്‍ഷങ്ങളായി വിദേശത്തായതുകൊണ്ടുതന്നെ സഹോദരിമാര്‍ക്ക് നാട്ടില്‍ കാര്യമായ മാനസിക പിന്തുണ കിട്ടിയിരുന്നില്ല. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിങ് ക്ലാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചു. പക്ഷേ ഫലം കണ്ടില്ല. ലിംഗമാറ്റമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. ഭിന്ന ലിംഗക്കാരെ കൂട്ടുകാരുമാക്കി. ഇതോടെ വീട്ടുകാര്‍ പ്രതിസന്ധിയിലായി. പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു. തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്‌ വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ മാനസിക സംഘര്‍ഷം ഇരട്ടിച്ചു. പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സഹോദരി റിന്‍സിയുടെ കൂടി മരണത്തോടെ എല്ലാം നഷ്ടപ്പെട്ടവരെ പോലെയായി മാതാപിതാക്കള്‍.