വാഹനപരിശോധന നടക്കുമ്പോൾ ലൈസന്‍സിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്. രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ 2000 രൂപയാണ് ഇപ്പോള്‍ പിഴ. ലൈസന്‍സ് ഇല്ലെങ്കില്‍ 5000 രൂപയും ഇന്‍ഷുറന്‍സ് കരുതാതിരുന്നാല്‍ 2000 രൂപയും നല്‍കണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ‘ഡിജിലോക്കറില്‍’ ഇവ കാട്ടിയാല്‍ മതി. രേഖകളുടെ ഫോട്ടോ ഫോണില്‍ ഉണ്ടെങ്കില്‍ അതും കാണിക്കാം. എന്നാല്‍, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാല്‍ ഒറിജിനല്‍ കാട്ടാന്‍ വാഹനമോടിക്കുന്നയാള്‍ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തില്‍ കരുതേണ്ടത്.
ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ച ആര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ‘ഡിജിലോക്കര്‍’ സേവനം ഉപയോഗിക്കാം. www.digilocker.gov.in ല്‍ ആധാര്‍ നമ്ബര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറിലേക്കു വരുന്ന ഒടിപിയും (ഒറ്റത്തവണ പാസ്‌വേഡ്) നല്‍കണം. ‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ എന്ന വിഭാഗത്തില്‍ ‘ചെക് പാര്‍ട്നേഴ്സ് സെക്‌ഷന്‍’ എന്ന ടാബ് തുറക്കുമ്ബോള്‍ വിവിധ വിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാകും. രേഖകളുടെ നമ്ബര്‍ വിവരങ്ങള്‍ നല്‍കിയാല്‍ അപ്പോള്‍ മുതല്‍ ഡിജിലോക്കറില്‍ സര്‍ട്ടിഫിക്കറ്റ് എത്തും. സ്കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാനായി 1 ജിബി സ്പേസും അനുവദിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ, ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
വാഹനപരിശോധന നടക്കുമ്പോൾ ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്
RELATED ARTICLES