മോട്ടര്‍ വാഹന വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിയമങ്ങള്‍ ലംഘനം നടത്തുന്നവരെ കുരുക്കുന്നു

artificial intelligence

മോട്ടര്‍ വാഹന വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിയമങ്ങള്‍ ലംഘനം നടത്തുന്നവരെ കുരുക്കാൻ പദ്ധതി വികസിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍
സ്ഥാപിക്കുവാൻ ഒരുങ്ങുകയാണ് മോട്ടര്‍ വാഹന വകുപ്പ്. കെല്‍ട്രോണ്‍ തയാറാക്കിയ പദ്ധതി നിര്‍ദേശം മോട്ടര്‍ വാഹന വകുപ്പ് സര്‍ക്കാരിനു കൈമാറി. ഓരോ ജില്ലയിലും 100 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

അമിത വേഗവും ചുവപ്പ് ലൈറ്റ് മറികടക്കുന്നതും കണ്ടെത്താന്‍ ഇപ്പോഴുള്ളത് 240 ക്യാമറകളാണ്. ഇവ റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് നിയമലംഘനത്തിനു പിഴ ഈടാക്കുന്നത്. ദൃശ്യങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ പിഴ ഈടാക്കാനും വൈകുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഇതിനു മാറ്റമുണ്ടാകും. ഏതുതരം നിയമലംഘനമാണോ കണ്ടെത്തേണ്ടത് അതനുസരിച്ച് ക്യാമറ യൂണിറ്റിനെ സജ്ജമാക്കാനാകും.ഉദാഹരണത്തിന്, ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നവരെ കണ്ടെത്താനുള്ള നിര്‍ദേശം ക്യാമറ യൂണിറ്റിനു കൈമാറിയാല്‍ റോഡിലൂടെ ഹെല്‍മെറ്റില്ലാതെ പോകുന്നവരുടെ മാത്രം വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്കെത്തും. സീറ്റ് ബെല്‍റ്റ് ഇടാതെ പോകുന്നതും, ചുവപ്പ് ലൈറ്റ് മറികടക്കുന്നതും, അമിത വേഗവുമെല്ലാം ഇങ്ങനെ വേര്‍തിരിച്ച് കണ്‍ട്രോള്‍ റൂമിലെത്തും.

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ 2 മാസം മുന്‍പ് മോട്ടര്‍ വാഹന വകുപ്പ് പരീക്ഷിച്ചു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണം വിജയമായിരുന്നു. ഹെല്‍മറ്റ് വയ്ക്കാത്തവരുടെ മാത്രം വാഹന നമ്പരുകള്‍ കണ്‍ട്രോള്‍ റൂമിലെത്തി. തലയില്‍ തൊപ്പി വച്ചവരെയും തുണി ചുറ്റിയവരെയുമെല്ലാം വേര്‍തിരിച്ചറിയാന്‍ ക്യാമറയ്ക്ക് കഴിഞ്ഞു.

അമിതവേഗം കണ്ടെത്തുന്നതിനായി മോട്ടര്‍ വാഹനവകുപ്പ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ എടുത്തു മാറ്റാന്‍ കഴിയില്ല. എന്നാല്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇഷ്ടാനുസരണം മാറ്റാന്‍ കഴിയും. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വരുന്നതോടെ കൂടുതല്‍ കൃത്യതയോടെ ക്യാമറകള്‍ക്കു പ്രവര്‍ത്തിക്കാനാകും. ക്യാമറകള്‍ സ്ഥാപിക്കുന്ന സ്ഥലത്തെക്കുറിച്ചു തീരുമാനമായിട്ടില്ല.