ബന്ധുക്കളായ ആറുപേരുടെ മരണത്തെക്കുറിച്ചു ദുരൂഹത ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കും. കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ് എന്നിവരും ബന്ധുക്കളായ മറ്റ് മൂന്നുപേരും വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ചില സംശയങ്ങള്‍ നിരത്തി ബന്ധു നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങിയത്. 2002 നും 2016 നുമിടയിലാണ് പൊന്നാമറ്റം കുടുംബത്തില്‍ ആറ് മരണങ്ങളുണ്ടായത്. 2002 ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മ മരിച്ചു. 2008 ല്‍ ടോം തോമസും 2010 ല്‍ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലും 2012 ല്‍ ടോം തോമസിന്റെ മകന്‍ റോയ് തോമസും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു വയസ് പ്രായമുള്ള കുഞ്ഞും പിന്നാലെ മരിച്ചു. ആറുപേരും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗമാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഇതില്‍ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വിഷം ഉള്ളില്‍ച്ചെന്നതാണ് റോയിയുടെ മരണകാരണമെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് ശേഷം റോയിയുടെ ബന്ധുവിനുണ്ടായ സംശയമാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിലേക്കെത്തിച്ചത്. ഒരേരീതിയിലുള്ള മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നായിരുന്നു ആവശ്യം.വിശദമായ അന്വേഷണത്തിനൊടുവില്‍ കല്ലറ തുറന്ന് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. അടുത്തദിവസം കല്ലറ തുറന്ന് നല്‍കണമെന്ന് കൂടത്തായി, കോടഞ്ചേരി പള്ളി അധികൃതരോട് ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. മരണത്തിലെ സമാനതയ്ക്ക് പിന്നില്‍ ആരുടെയെങ്കിലും ബോധപൂര്‍വമായ ഇടപെടലുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ബന്ധുക്കളായ ആറുപേരുടെ മരണം; ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കും
RELATED ARTICLES