Sunday, October 13, 2024
HomeNationalഅഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ഐ എം എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ ചിദംബരം സപ്തംബര്‍ അഞ്ചുമുതല്‍ തിഹാര്‍ ജയിലില്‍ തടവുകാരനായി കഴിയുകയാണ്.

ഐഎന്‍എക്‌സ് മീഡിയ കേസിലെ നിര്‍ണായകസാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്നത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. കേസ് പരിഗണിക്കുന്നത് സിബിഐ പ്രത്യേക ജഡ്ജി അജയ് കുമാറാണ്.

ജാമ്യം അനുവദിച്ചാല്‍ ചിദംബരം കേസിനെ സ്വാധീനിക്കുമെന്നും മറ്റ് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നുമായിരുന്നു സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 28 ദിവസമായി കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ തിഹാര്‍ ജയിലില്‍ വെച്ചുതന്നെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ചിദംബരത്തെ വ്യാഴാഴ്ച ഡെല്‍ഹിയിലെ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.

തനിക്ക് ജയിലില്‍ മരുന്നുകള്‍ക്കൊപ്പം വീട്ടില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കണമെന്ന് ചിദംബരം അദ്ദേഹത്തിന്റെ വക്കീല്‍ വഴി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments