മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാർ നിസഹായവസ്ഥയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലപ്രയോഗം ഇല്ലാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് ഉടമകൾ തെറ്റുകാരല്ല. അവർ കബളിപ്പിക്കപ്പെട്ടു. ഉടമകളെ സഹായിക്കണമെന്ന് സർക്കാറിന് ആഗ്രഹമുണ്ട്. ഫ്ലാറ്റുകൾ നിർമിച്ചവരാണ് കുറ്റക്കാർ. ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാവില്ല. മഞ്ചേശ്വരം എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ ശബരിമല യുവതീ പ്രവേശനത്തെ എതിർത്തിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള കുപ്രചരണങ്ങളാണിത്. ശബരിമല വിഷയത്തിലെ വിധി ദുർബലപ്പെടുത്തുമെന്ന് ബി.ജെ.പി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, നിയമനിർമാണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.