പട്ടിക ജാതി, പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തില്ലെന്ന് സുപ്രീംകോടതി. ശക്തമായ വ്യവസ്ഥകൾ തന്നെ വേണമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ദലിതുകളും ആദിവാസികളും നിയമം ദുരുപയോഗം ചെയ്യുമെന്ന കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ പുതിയതായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി നൽകണമെന്ന് ഹരജിക്കാരോട് കോടതി നിർദേശിച്ചു. പട്ടിക ജാതി, പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടു വന്ന രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടു വന്നിരുന്നു. ഈ ഭേദഗതിയെ ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിക്ക് മുമ്പാകെ വന്നു.
ഈ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നിരീക്ഷണം. ഹരജികൾ വിധി പറയുന്നതിനായി സുപ്രീംകോടതി മാറ്റിവെച്ചു.പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിനെതിരെ അതിക്രമം പ്രവർത്തിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യും മുമ്പ് അദ്ദേഹത്തെ നിയമിച്ച അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നും സാധാരണക്കാരനാണെങ്കിൽ എസ്.എസ്.പിയുടെ അനുമതി വാങ്ങണമെന്നും രണ്ടംഗ ബെഞ്ചിന്റെ വിധിയിൽ സുപ്രീംകോടതി വ്യവസ്ഥ വെച്ചിരുന്നു. ഇവർക്ക് ആവശ്യമെന്ന് തോന്നിയാൽ മാത്രമേ അറസ്റ്റിന് അനുമതി നൽകാവൂ എന്നും വ്യവസ്ഥയിലുണ്ടായിരുന്നു.
നിരപരാധികളെ കേസിൽപ്പെടുത്തുന്നത് ഒഴിവാക്കാനും ആരോപണം കെട്ടിച്ചമച്ചതല്ലെന്ന് ബോധ്യപ്പെടാനും ഡി.എസ്.പി പ്രാഥമിക അന്വേഷണം നടത്തണമെന്നും നേരത്തെയുള്ള വിധി വ്യവസ്ഥ വെച്ചിരുന്നു. ഭരണഘടനയുടെ 15(4) അനുഛേദം താഴെതട്ടിലുള്ള വിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുന്ന സംരക്ഷണത്തിന് എതിരാണിതെന്ന് ജസ്റ്റിസ് അരുൺ മിശ്ര, എം.ആർ. ഷാ, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന അംഗങ്ങളായ മൂന്നംഗ ബെഞ്ച് വിധിച്ചു.പട്ടിക ജാതി, പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിൽ നേരത്തെ ഇറക്കിയ സ്വന്തം വിധി കഴിഞ്ഞ ദിവസം സുപ്രീംകോടതി തിരിച്ചു വിളിച്ചിരുന്നു.
രാജ്യത്തുടനീളം ദലിത് പ്രേക്ഷാഭങ്ങൾക്കും നിരവധി പേരുടെ മരണത്തിനും നിമിത്തമായതിനെ തുടർന്നാണ് നിയമത്തിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ തന്നെ വിധി തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടത്.