ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റിടാതെ യാത്ര ചെയ്യുന്ന കേരള യുവതികളെ ഉപദേശിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കേരള സന്ദര്‍ശനത്തിനിടെ സച്ചിന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് തരംഗമാകുന്നത്. കാറില്‍ യാത്രചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങളെടുത്തത്. ബൈക്കിന് പിന്നിലിരിക്കുന്ന യുവതികളോട് ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയാണ്.
പലരോടും അദ്ദേഹം ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനം നിര്‍ത്തിയും, ഹെല്‍മറ്റ് ധരിക്കാന്‍ അദ്ദേഹം ബൈക്കിന് പിന്നിലിരിക്കുന്നവരോട് ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ ബൈക്കോടിക്കുന്നവര്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നാണ് കേരളത്തിലെ നിയമം. എന്നാല്‍ കര്‍ണാടക ഉള്‍പ്പൈടെയുള്ള സംസ്ഥാനങ്ങളില്‍ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമമുണ്ട്.
അപകടങ്ങളുണ്ടാകുമ്പോള്‍ കൂടുതലും പിന്നിലിരിക്കുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേല്‍ക്കാറ്. ഇത്തരത്തില്‍ അപകടത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ യുവതികളോടെ സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഉപദേശം.
നേരത്തേ മുംബൈയില്‍ ഇരുചക്രവാഹനത്തില്‍ തന്റെ കാറിനെ പിന്‍തുടര്‍ന്ന് സെല്‍ഫിയെടുത്തവരോട് ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ദേശിച്ച സച്ചിന്റ വീഡിയോയും വൈറലായിരുന്നു. ഇനി ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് അന്ന് സച്ചിന്‍ അവരെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാനിരിക്കെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്‍തുണ തേടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്. കഴിഞ്ഞദിവസം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയെ ഉദ്ഘാടന മത്സരത്തിന് ക്ഷണിക്കുകയും ചെയ്തു.