ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ വേണമെന്നു വിചാരിച്ചാല്‍ സര്‍ക്കാരിനു കഴിയും. പക്ഷേ, അത് ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വേണ്ടത്ര കൂടിയാലോചനകള്‍ക്കു ശേഷമേ സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇടതു മുന്നണി ചെറിയ താത്പര്യമെങ്കിലും എടുത്താല്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാം. പക്ഷേ, ചിലര്‍ പറയുന്നത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമിത താത്പര്യമെടുത്തെന്നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ധൃതിയുമില്ല, അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ തന്ത്രിമാരെ പിന്തുണച്ചു പിണറായി രംഗത്തുവന്നത് കൗതുകമായി. സര്‍ക്കാരുമായി സാധാരണനിലയില്‍ തന്ത്രിമാര്‍ ഗുസ്തിക്കു വരാറില്ല. തന്ത്രിമാരും മനുഷ്യരാണെന്നും അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാമെന്നും പിണറായി പറഞ്ഞു. ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തന്ത്രിമാര്‍ക്കു സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയുമില്ല. ഇതേസമയം, ശബരിമലയിലെ തന്ത്രിമാരെ മന്ത്രി ജി. സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ധര്‍ണ നടത്തിയത് ബ്രാഹ്മണ പൂജാരിമാരാണെന്നും ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യംപോലും അവിടുത്തെ പൂജാരിമാര്‍ക്കില്ലെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു.