നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നല്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി

dileep trapped

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് കോടതി ചോദിച്ചു.

കാര്‍ഡ് കിട്ടിയാല്‍ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിൻറെ അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി പൊലീസ് സമര്‍പ്പിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പൊലീസ് പറയുമ്പോഴും കാര്‍ നിര്‍ത്തിയിട്ടത് പോലെയാണ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായത്. ചില ശബ്ദങ്ങളും കേള്‍ക്കാന്‍ ഉണ്ടായിരുന്നു.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണനും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചാല്‍ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കാന്‍ ആകുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡിലെ ഉള്ളടക്കം നല്‍കുന്നതിനെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു.

മെമ്മറി കാര്‍ഡ് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്നുമുള്ള ഹൈക്കോടതിയുടെ കണ്ടെത്തല്‍ പ്രസക്തമല്ലേയെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഐടി നിയമ പ്രകാരം മെമ്മറി കാര്‍ഡ് രേഖയാണോ, പ്രതിക്ക് അത് ലഭിക്കാന്‍ അകവാശമുണ്ടോയെന്നതിന്റെ നിയമവശങ്ങള്‍ വാദിക്കാന്‍ ദിലീപിന്റെ അഭിഭാഷകനോട് കോടതി അവശ്യപ്പെട്ടു. സര്‍ക്കാരിന് നോട്ടീസ് അയക്കാതെ കേസ് പതിനൊന്നാം തീയതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.