കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്‌ളോയ്‌മെന്റിന്റെ (കിലെ) കീഴില്‍ സിവില്‍ സര്‍വീസ് കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2020 ജൂണ്‍ രണ്ടിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 2020 ആഗസ്റ്റ് ഒന്നിന് 21 വയസ് പൂര്‍ത്തിയായിരിക്കണം. പരമാവധി പ്രായം 32 വയസാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തയും, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തേയും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തേയും വയസിളവ് ലഭിക്കും. താല്‍പര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്നും ലഭിക്കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, നാലാംനില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ഈമാസം 10ന് അകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.kile.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.