പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍

പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുളള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. എന്നാല്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുളള വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് 400 രൂപയാണ് ഹരിത നികുതി.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി ഒന്ന് മുതല്‍ ഗ്രീന്‍ ടാക്‌സ് അടയ്ക്കാതെ വാഹനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാവില്ല. ഗ്രീന്‍ ടാക്‌സ് അടയ്ക്കുന്നതില്‍ നിന്നും മോട്ടോര്‍ സൈക്കിളുകളേയും ഓട്ടോറിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനായുളള അപേക്ഷകള്‍ (ജി. ഫോം) ഇനിമുതല്‍ മുന്‍കൂറായി സമര്‍പ്പിക്കണം. ഇത്തരം അപേക്ഷകള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഫീസും അടയ്ക്കണം. ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി ആരംഭിക്കുന്നതിന് മുന്‍പ് 30 ദിവസത്തിനകം അപേക്ഷ ഫീസടച്ച് ഓഫീസില്‍ സമര്‍പ്പിക്കണം.
ഇതനുസരിച്ച് ജനുവരി ഒന്ന് മുതല്‍ നികുതി ഒഴിവാക്കി കിട്ടണമെങ്കില്‍ ഡിസംബര്‍ 31 നകം ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കണം. ഇപ്പോളിത് കാലാവധി ആരംഭിച്ച് ഏഴ് ദിവസത്തിനകമാണ്. ഇതിനുളള അപേക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ (mvd.kerala.gov.in)ലഭിക്കും. മോട്ടോര്‍ സൈക്കിള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നീ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 50 രൂപയും, മോട്ടോര്‍ കാറുകള്‍ ഉള്‍പ്പെടെയുളള മറ്റ് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍, മുന്‍ചക്ര വാഹനങ്ങള്‍ (ഓട്ടോറിക്ഷ) എന്നിവയ്ക്കും 100 രൂപയും, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഓരോ അപേക്ഷയ്ക്കുമുളള ഫീസ് (പരമാവധി ഒരു വര്‍ഷത്തേയ്ക്ക്).
അപേക്ഷകര്‍ക്ക് ഒരു മാസത്തേക്കോ, ഒരു ക്വാര്‍ട്ടറിലെ അടുത്തടുത്ത രണ്ട് മാസങ്ങളിലേക്കോ, ഒരു ക്വാര്‍ട്ടറിലേക്കോ , ക്വാര്‍ട്ടറിന്റെ ആരംഭം മുതല്‍ ഒരു വര്‍ഷത്തേക്കോ ജി. ഫോം ഫയല്‍ ചെയ്യാം.