Thursday, April 25, 2024
HomeKeralaദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതി ഹൈക്കോടതി തള്ളി

ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതി ഹൈക്കോടതി തള്ളി. ചട്ടലംഘനം നടന്നിട്ടില്ലെന്ന ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. ജയില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചട്ട വിരുദ്ധമായി ആരും ജയിലിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹര്‍ജിക്കാരി. ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളില്‍ ഇവ വ്യക്തമായിരുന്നു. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്. അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട് എന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments