ത്രിപുരയിൽ കാൽ നൂറ്റാണ്ട് നീണ്ട സി.പി.എം ഭരണത്തിന് വിരാമം. പാർട്ടി ഇനി പ്രതിപക്ഷം. മൂന്നിൽ രണ്ട് സീറ്റും നേടി വൻ അട്ടിമറി ജയത്തോടെ ബി.ജെ.പി സഖ്യം ഭരണത്തിലേക്ക്. തെരെഞ്ഞടുപ്പു നടന്ന 59 സീറ്റിൽ 43ഉം നേടിയാണ് ബി.ജെ.പി-പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) സഖ്യം 20 വർഷത്തെ മണിക് സർക്കാർ ഭരണത്തെ കടപുഴക്കിയത്. 2013ൽ 49 സീറ്റ് നേടിയ സി.പി.എം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി. 35 സീറ്റുള്ള ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാം. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. സി.പി.എം സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഒരു മണ്ഡലത്തിൽ വോെട്ടടുപ്പ് നടന്നിരുന്നില്ല. രാജ്യത്തിെൻറ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടിയത്. സി.പി.എമ്മിെൻറ ഉരുക്കുകോട്ട തകർത്ത ബി.ജെ.പിക്ക് 2013ൽ ഒരു സീറ്റുപോലും നേടാനായിരുന്നില്ല. കഴിഞ്ഞതവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന പാർട്ടി ഇത്തവണ 43 ശതമാനം വോട്ടുനേടിയപ്പോൾ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിെൻറ വോട്ടുശതമാനം 36.53 ശതമാനത്തിൽ നിന്ന് 1.8ലേക്ക് കൂപ്പുകുത്തി. തകർന്നടിഞ്ഞിട്ടും സി.പി.എം 42.6 ശതമാനം വോട്ട് നിലനിർത്തി. 2013ൽ മത്സരിച്ച 50 സീറ്റിൽ 49ലും കെട്ടിെവച്ച പണം നഷ്ടമായ ബി.ജെ.പി ഇത്തവണ 50 സീറ്റിലാണ് മത്സരിച്ചത്. ഗോത്രവർഗ പാർട്ടിയായ െഎ.പി.എഫ്.ടിയുടെ സഹായത്തോടെ ബി.ജെ.പി ആദിവാസി മേഖല തൂത്തുവാരി. ഒമ്പതു സീറ്റിൽ മത്സരിച്ച െഎ.പി.എഫ്.ടി എട്ടിലും ജയിച്ചു.
തലസ്ഥാനമായ അഗർതലയിലെ ബനമാലിപുർ മണ്ഡലത്തിൽനിന്ന് 9500 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് 48 കാരനായ ബിപ്ലവ് കുമാർ ദേബ് ആയിരിക്കും മുഖ്യമന്ത്രി. സർക്കാറുണ്ടാക്കാനുള്ള നീക്കം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. എക്സിറ്റ് പോളുകളിൽ ബി.ജെ.പി മുന്നേറ്റമാണ് പ്രവചിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി മണിക് സർക്കാറിെൻറ പ്രതിച്ഛായയിൽ നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിച്ചുകയറാമെന്നായിരുന്നു സി.പി.എമ്മിെൻറ പ്രതീക്ഷ. എന്നാൽ, അദ്ദേഹംപോലും ബി.ജെ.പി സ്ഥാനാർഥിയോട് വിയർത്താണ് 2,200 വോട്ടിെൻറ ഭൂരിപക്ഷത്തിന് ധൻപുർ മണ്ഡലത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം മരിച്ച മന്ത്രിയും സി.പി.എം സ്ഥാനാർഥിയുമായിരുന്ന ഖഗേന്ദ്ര ജമതിയ കൃഷ്ണപുർ മണ്ഡലത്തിൽ തോറ്റു. വോെട്ടണ്ണലിെൻറ ആദ്യ മണിക്കൂറിൽ ഒപ്പത്തിനൊപ്പം പൊരുതിയ സി.പി.എം ഇടക്ക് 33 സീറ്റിൽ ലീഡ് നേടി വീണ്ടും ഭരണം പിടിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ബി.ജെ.പി കുതിപ്പിൽ താഴോട്ടുപോയി. 1963ൽ രൂപവത്കൃതമായ ത്രിപുര സംസ്ഥാനത്ത് നൃപൻ ചക്രവർത്തി (1978-88), ദശരഥ് ദേബ് (1993-98), മണിക് സർക്കാർ (1998-2018) എന്നിവരിലൂടെ 35 വർഷവും സി.പി.എമ്മിനായിരുന്നു ഭരണം.
മേഘാലയയിൽ അവസാനവട്ട ഫലം വരുേമ്പാൾ ചിത്രം അവ്യക്തം. ഭരണകക്ഷിയായ കോൺഗ്രസ് 21 സീറ്റ് നേടി മുന്നിലാണെങ്കിലും ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായിട്ടില്ല. കേവല ഭൂരിപക്ഷമായ 31 സീറ്റിന് 10 കുറവാണ് കോൺഗ്രസിന്. ലോക്സഭാ മുൻ സ്പീക്കർ പി.എ. സാങ്മയുടെ മകൻ കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 19 സീറ്റ് നേടി തൊട്ടുപിന്നിലുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ഇവർ. ബി.ജെ.പി രണ്ട് സീറ്റ് നേടി. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് ആറ് സീറ്റ് ലഭിച്ചപ്പോൾ പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് നാല് സീറ്റും സ്വതന്ത്രന്മാർ മൂന്ന് സീറ്റും നേടിയിട്ടുണ്ട്. ആകെ 60ൽ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എൻ.സി.പി സ്ഥാനാർഥി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനെതുടർന്ന് വില്യംനഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഭരണകക്ഷിയായ കോൺഗ്രസ്, നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി), പുതുതായി രൂപവത്കരിച്ച പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ തമ്മിലായിരുന്നു പ്രധാന മത്സരം. 2013ൽ 28 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ ഏഴ് സീറ്റ് കുറഞ്ഞു. രണ്ട് സീറ്റുണ്ടായിരുന്ന എൻ.പി.പി 17 സീറ്റ് അധികം നേടി 19 ആക്കി ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റ സീറ്റും നേടിയിരുന്നില്ല. നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സാങ്മ അംപതി, സോങ്സാക് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതൽ സംസ്ഥാന മുഖ്യമന്ത്രിയായ അദ്ദേഹം ബി.ജെ.പി സ്ഥാനാർഥി ഹജോങ്ങിനെ 6000 വോട്ടിനാണ് അംപതിയിൽ പരാജയപ്പെടുത്തിയത്. സോങ്സാകിൽ നാഷനൽ പീപ്ൾസ് പാർട്ടിയുടെ(എൻ.പി.പി) നിഹിം ഡി. ഷിറയെ 1300 വോട്ടിനും തോൽപിച്ചു. ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്തായി. സാങ്മയുടെ ഭാര്യ ദിക്കാൻചി ഷിറ മഹേന്ദ്രഗഞ്ച് സീറ്റിൽ നിന്ന് 6000 വോട്ടിെൻറ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ പ്രേമാനന്ദ കൊച്ചിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെയല്ലെങ്കിലും സർക്കാർ രൂപവത്കരണത്തിന് പരമാവധി ശ്രമിക്കുമെന്ന് മുകുൾ സാങ്മ പറഞ്ഞു. 2003 മുതൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനത്ത് 2010 ലാണ് സാങ്മ മുഖ്യമന്ത്രിപദത്തിലെത്തിയത്.
നാഗാലാൻഡിൽ ഭരണപക്ഷവും ബി.ജെ.പി സഖ്യവും ഒപ്പത്തിനൊപ്പം. എന്നാൽ, ജനതാദൾ-യുവിെൻറ ഏക അംഗത്തിെൻറയും ഒരു സ്വതന്ത്രെൻറയും പിന്തുണ ബി.ജെ.പി സഖ്യം ഉറപ്പിച്ചതോടെ അവർ അധികാരത്തിലേക്ക് നീങ്ങുകയാണ്. ബി.െജ.പിക്കും സഖ്യകക്ഷിയായ നാഗാലാൻഡ് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിക്കും (എൻ.ഡി.പി.പി) 29 സീറ്റുണ്ട്. ഭരണകക്ഷിയായ നാഗാ പീപ്ൾസ് ഫ്രണ്ട് (എന്‍.പി.എഫ്) 27 സീറ്റാണ് നേടിയത്. രണ്ട് സീറ്റുള്ള നാഷനൽ പീപ്ൾസ് പാർട്ടിയെ (എൻ.പി.പി) എൻ.പി.എഫ് കൂടെക്കൂട്ടിയെങ്കിലും കേവല ഭൂരിപക്ഷത്തിന് മതിയാകില്ല. 60 അംഗ സഭയിൽ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് ഒറ്റക്ക് 11 സീറ്റുണ്ട്. മൂന്നു തവണ മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോ ആണ് എൻ.ഡി.പി.പിയുടെ അമരക്കാരൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട റിയോ ഇത്തവണയും മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കസേര തിരിച്ചുപിടിക്കാനുള്ള തന്ത്രവുമായാണ് ഇത്തവണ ബി.െജ.പിക്കൊപ്പം നിന്നത്. എന്നാൽ, എന്‍.പി.എഫ് നേതാവും മുഖ്യമന്ത്രിയുമായ ടി.ആർ. സെലിയാങ് പുതിയ സർക്കാറിൽ പങ്കാളിയാകാൻ ബി.െജ.പിയെ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ബഹിഷ്കരണ ചര്‍ച്ചകള്‍ ഇത്തവണയും സജീവമായിരുന്നു. അതിനിടെ എന്‍.പി.എഫ് വിട്ട റിയോയുടെ നീക്കങ്ങളാണ് ബി.ജെ.പി ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കിയത്. എൻ.ഡി.എ മുന്നണിയിലെ എന്‍.പി.എഫിനെ തഴഞ്ഞ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി റിയോയുടെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയത്. 40 സീറ്റില്‍ റിയോയുടെ പാര്‍ട്ടിയും 20 മണ്ഡലങ്ങളിൽ ബി.ജെ.പിയുമാണ് മത്സരിച്ചത്. എന്‍.പി.എഫിന് നേതൃത്വം നൽകിയാണ് നെയ്ഫ്യൂ റിയോ 15 വര്‍ഷം നാഗാലാൻഡ് ഭരിച്ചത്.