Tuesday, April 23, 2024
HomeKeralaപിഴ അടയ്ക്കാത്ത സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും

പിഴ അടയ്ക്കാത്ത സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും

പിഴ അടയ്ക്കാത്ത അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ്. കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാരണത്താല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വന്നിരുന്നു. നിയമലംഘനങ്ങള്‍ക്കു പിഴ അടയ്ക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തശേഷം അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നടപടി നേരിടേണ്ട ഘട്ടമെത്തിയാല്‍ റജിസ്‌ട്രേഷന്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റി നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായി. ഇവയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തശേഷം, റജിസ്‌ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ സര്‍ക്കാരിനെ രേഖാമൂലം വിവരം അറിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.നിയമ ലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് രേഖകള്‍ പിടിച്ചെടുത്തു പിഴ അടയ്ക്കാന്‍ നോട്ടിസ് നല്‍കും. അവരുടെ വിശദീകരണം കേള്‍ക്കും. പിഴ അടയ്ക്കാന്‍ തയാറാവാത്ത ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തശേഷം വിവരം അതതു സംസ്ഥാനങ്ങളെ അറിയിക്കും.

സ്വകാര്യ ബസ്സുടമകള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ നീങ്ങണമെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ബസ് ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ നടപടികള്‍ ഫലപ്രദമാകുമോയെന്ന ആശങ്കയുമുണ്ട്.ബസുകളില്‍ അനധികൃതമായി സ്ഥാപിക്കുന്ന സൗണ്ട് സിസ്റ്റം മാറ്റാന്‍ നടപടിയെടുക്കുമെന്നും പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തുള്ള നികുതി വെട്ടിപ്പ് അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചെങ്കിലും ഇപ്പോഴും നിയമലംഘനങ്ങള്‍ തുടരുകയാണ്.കല്ലട സുരേഷ് ബസില്‍ യാത്രക്കാര്‍ മര്‍ദനത്തിനിരയായ സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments