കേരളത്തെ പാകിസ്താന്‍ എന്ന് വിളിച്ചാലും ഗുജറാത്ത് എന്ന് വിളിക്കരുത്. കാരണം ആയിരങ്ങളായ മനുഷ്യരുടെ മാംസം ടയര്‍ ചേര്‍ത്ത് കത്തിക്കാന്‍, ശൂലം പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ കുത്തിയിറക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ലെന്നും അസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞങ്ങളെ യു.പി എന്ന് വിളിക്കരുത് കാരണം ഞങ്ങള്‍ ശവത്തെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനിക്കുന്നവരെ തെരഞ്ഞെടുക്കുകയോ മുഖ്യമന്ത്രിയാക്കുകയോ ചെയ്യാറില്ല-അസി കൂട്ടിച്ചേര്‍ത്തു.
അസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഡിയർ ഫേക്കു ജി, അലവലാതി ഷാജി, ടൈംസ് കൗ ചാനൽ, കൗബേൽറ്റ് സംഘിസ്, ഇന്നാട്ടിലെ ആക്രോശ് സംഘിസ്, ഊറിചിരിക്കുന്ന മൃദു സംഘീസ്,
ലോകം ഇന്ന് അവസാനിക്കാൻ സാധ്യതയില്ലാത്തതിനാലും ഞങ്ങൾ മലയാളികൾ ഇങ്ങനെ തലതിരിഞ്ഞവരായതുകൊണ്ടും ഇനിയും നമ്മൾ തമ്മിൽ ഇടയാനുള്ള സാധ്യത കാണപ്പെടുകയാൽ തണ്ടറി പാകിസ്ഥാനി/സൊമാലിയൻ പൗരൻ ഓർമ്മപ്പെടുത്തുന്നത്,
ഇത്തരം അപരവൽക്കരണങ്ങൾ, രാജ്യദ്രോഹചാപ്പയടികൾ, ബഹിഷ്കരണാഹ്വാനങ്ങൾ പ്രതീക്ഷിക്കുന്നതുകൊണ്ട്, ചില രാജ്യങ്ങളോടുകൂടെ ഞങ്ങളെ ഉപമിക്കാൻ അപേക്ഷ. അത് ചുവടെ,
നിങ്ങൾക്ക് വേണമെങ്കിൽ കേരളത്തെ മലേഷ്യയെന്നോ ബഹ്‌റൈനെന്നോ റഷ്യയെന്നോ വിളിക്കാം. ഞങ്ങൾക്കും അവർക്കും മോശമല്ലാത്ത മാനവവികസനാസൂചികയാണ്, (0.8). ജീവിതനിലവാരമാണ്.
വിരോധമില്ലെങ്കിൽ പോർച്ചുഗൽ എന്നോ സ്പെയിൻ എന്നോ വിളിച്ചോളു.
ഞങ്ങൾക്കും അവർക്കും ഏതാണ്ട് ഒരേ സാക്ഷരതയാണ്. 95-98%. എഴുതാനും വായിക്കാനുമറിയാമെന്ന്.
ഞങ്ങളെ സ്വിറ്റ്സർലൻഡിനോടോ ജർമ്മനിയോടോ ഉപമിക്കാം, ഞങ്ങളുടെ നാട്ടിലെ ദാരിദ്രരുടെ എണ്ണം ഒരുപോലെയാണ്. 5-7%
ശിശുമരണനിരക്കിൽ ഞങ്ങൾ അമേരിക്കക്കോ കാനഡക്കോ ഒപ്പമാണ് (6). ആ പേരിലും വിളിക്കാം.
വൈദ്യുതീകരിച്ച വീടുകളുടെ കാര്യത്തിൽ ജപ്പാനെന്നോ(100%), ടോയിലറ്റ് ഫെസിലിറ്റിയുടെ കാര്യത്തിൽ ഫിൻലൻഡെന്നോ (97%),
ജനനനിരക്കിൽ അയർലന്റെന്നോ (14),
കുട്ടികളുടേ വിദ്യാഭ്യാസത്തിന്റെയോ ആരോഗ്യത്തിന്റേയോ കാര്യത്തിൽ നോർവ്വെ (CDI 9.5) എന്നോ,
ആയുർദൈർഘ്യത്തിൽ സെർബിയയെന്നോ (75 year), സ്ത്രീലിംഗാനുപാതത്തിൽ ഫ്രാൻസെന്നോ (1080+) വിളിക്കാം.
ബ്രസീലെന്നോ അർജ്ജന്റീനയെന്നോ വിളിച്ചോളു, 10 വട്ടം ഫുട്ബോൾ കഴിഞ്ഞേ ഒള്ളു ഞങ്ങൾക്ക് ക്രിക്കറ്റ്.
നിങ്ങൾക്ക് പാകിസ്ഥാൻ എന്നും വിളിക്കാം. മനുഷ്യകുലം വേട്ടയാടിയും മൃഗങ്ങളെ കൊന്ന് തിന്നും വളർന്നതാണെന്ന് വിശ്വസിക്കുന്ന, ഇവിടത്തെ ബോധമുള്ള ജനങ്ങൾ ബീഫ് കഴിക്കുന്നതിനെ അങ്ങനെ കാണണമെങ്കിൽ.
അല്ലെങ്കിലും ആ ജനതയോടെനിക്ക് പ്രണയം തന്നെ.
നിങ്ങൾക്ക് സൊമാലിയ എന്നും വിളിക്കാം, വർഗ്ഗീയതയോ ജയ് ശ്രീറാം വിളിയോ അല്ല, ദാരിദ്ര്യവും ആളുന്ന വയറിന്റെ വിശപ്പുമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞവരാകുമവർ. ഞങ്ങളും.
ഞങ്ങളെ ആന്റി-നാഷ്ണൽ എന്ന് വിളിക്കൂ, സവർക്കറും ഗോഡ്സേയും രാജ്യസ്നേഹികളാണെങ്കിൽ, ഞങ്ങൾ അതിൽ ഹാപ്പിയാണ്.
ഞങ്ങളെ കമ്മിയെന്നോ മല്ലുവെന്നോ മദ്രാസിയെന്നോ തീവ്രവാദികളെന്നോ വിളിക്കൂ, ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നതിനാൽ.
പക്ഷേ, ഡിയർ സംഘീസ്..
ഞങ്ങളെ ഗുജറാത് എന്ന് വിളിക്കരുത്.
ആയിരങ്ങളായ മനുഷ്യരുടെ മാസം ടയർ ചേർത്ത് കത്തിക്കാൻ, ശൂലം പൂർണ്ണഗർഭിണിയുടെ വയറ്റിൽ കുത്തിയിറക്കാൻ ഞങ്ങൾക്കറിയില്ല.
ഞങ്ങളെ യു പി എന്ന് വിളിക്കരുത്.
ഞങ്ങൾ ശവത്തെ ബലാൽസംഗം ചെയ്യണമെന്ന് ആഹ്വാനിക്കുന്നവരെ തിരഞ്ഞെടുക്കുകയോ മുഖ്യമന്ത്രിയാക്കുകയോ ചെയ്യാറില്ല.
ഞങ്ങളെ മഹാരാഷ്ട്രയായെന്ന് വിളിക്കരുത്, ജോലി തേടി വരുന്നവരെ തല്ലിയോടിച്ചല്ല, അവർക്ക് മെഡിക്കൽ ഇഷുറൻ പ്രൊവൈഡ് ചെയ്യുന്ന തിരക്കിലാണ് ഞങ്ങൾ.
പശുക്കൾക്കായി മനുഷ്യരെ കൊല്ലുന്ന രാജസ്ഥാനെന്നോ അമ്മയുടെ ശവം ബൈക്കിൽ വച്ച് കൊണ്ടുപോകേണ്ടി വരുന്നവരുടെ മധ്യപ്രദേശൊന്നോ വിളിക്കരുത്.
ഈ സംസ്ഥാനങ്ങളെയൊക്കെ സ്നേഹിക്കുമ്പോൾ തന്നെ, സംഘപരിവാരമേ, നിങ്ങളാൽ ലോകമറിയുന്ന ഈ നാടുകളുടെ പേരിൽ അറിയപ്പെടാൻ ഞങ്ങൾക്ക് ആഗ്രഹമില്ല.
മനുസ്മൃതിയോ വിചാരധാരയോ ഗീതയോ ആണു ഇൻഡ്യൻ കോൺസ്റ്റിറ്റിയുഷൻ എന്ന് കരുതുന്നവരേ, അങ്ങനെയെങ്കിൽ ഞങ്ങൾ ഇൻഡ്യക്കാരല്ല,
മോദിയെ സ്തുതിക്കലും, സംഘിനെ ഭയക്കലുമാണ് രാജ്യസ്നേഹമെങ്കിൽ, ഞങ്ങൾ അതുമല്ല.
സ്ത്രീകൾ കൂട്ടമായി ബലാൽസംഗം ചെയ്യപ്പെടുന്ന,
പശുവിന്റെ ശവം ആശുപത്രി മോർച്ചറിയിലും മനുഷ്യ ജഡം തെരുവിലും കിടക്കുന്ന,
നീതിപീഠങ്ങൾ മയിലിനെ ബ്രഹ്മചാരിയാക്കുന്ന,
ദളിതനെ ജീവനോടെ തുലിയുരിക്കുന്ന, മതവിദ്വേഷം പരത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തെത്തിയ ഇൻഡ്യയുടെ പൗരനാവുന്നതിൽ അത്ര വലിയ അഭിമാനവും ഞാൻ കാണുന്നില്ല.
നിങ്ങൾ ഞങ്ങളെ ചാപ്പയടിക്കൂ, ഇനിയും ഇരുന്നൂറിലധികം രാജ്യങ്ങൾ ബാക്കി. ഞങ്ങൾക്കത് കേട്ട് നിൽക്കാൻ സമയമില്ല.
ഞങ്ങൾ മലയാളികൾ, ഇതേ രാജ്യത്ത്, തെക്കേ അറ്റത്തിതുപോലെ തന്നെ കാണും. ബീഫ് കഴിക്കും, കമ്യൂണിസത്തെയും കവിതയേയും പ്രണയിക്കും, എഴുതും, വായിക്കും, യാത്ര പോവും.
സമരം ചെയ്യും, ഫാസിസത്തെ ആവും വിധം പ്രതിരോധിക്കും.
ഉരുൾപൊട്ടി സർവ്വം കുത്തിയൊലിച്ചു പോയാലും നിവർന്ന് നിൽക്കുന്ന,
കടലെടുക്കുമെന്നുറപ്പായാ വീടിനു തറകെട്ടുന്ന,
മരുഭൂവിലേക്ക് എന്തെന്നറിയാത്ത കാലം ഉരുകേറിപോയവർ ഞങ്ങൾ,
മലയാളികൾ.
മുട്ടുമടക്കാറില്ല, തോൽപ്പിക്കാനുമാവില്ല..!!