Thursday, April 25, 2024
HomeKeralaലഹരിക്കെതിരെ പോരാട്ടവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലഹരിക്കെതിരെ പോരാട്ടവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലഹരിക്കെതിരെ പോരാട്ടവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളില്‍ ഉള്‍പ്പെടെ ഇതു വ്യാപിച്ചു കഴിഞ്ഞുവെന്നും സ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പൊലീസ്,എക്സൈസ്,ആരോഗ്യം,വിദ്യാഭ്യാസം,പിആര്‍ഡി വകുപ്പുകള്‍ ചേര്‍ന്നു ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സംയുക്ത സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

എല്ലാ സ്കൂളുകളിലും പിടിഎ നേതൃത്വത്തില്‍ വിമുക്തഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രവൃത്തിസമയത്ത് ആരെയും അനാവശ്യമായി സ്കൂളില്‍ കയറ്റിവിടരുത്, ചുറ്റുമതില്‍ ഇല്ലാത്ത സ്കൂളുകളില്‍ അവ നിര്‍മിക്കണം. കുട്ടികളെ ശിക്ഷിക്കുന്നതിനെക്കാള്‍ തിരുത്തിക്കുന്നതിനാണു പരിഗണന നല്‍കേണ്ടത്. രക്ഷിതാക്കളെ വിളിച്ചു സംസാരിക്കണം.

5-10 കുട്ടികളുടെ ഉത്തരവാദിത്തം ഒരു അധ്യാപകനു മെന്‍റര്‍ എന്ന നിലയില്‍ നല്‍കണം. ലഹരിക്ക് അമിതമായി അടിമപ്പെട്ടവരെ മാത്രമേ ലഹരിമോചന കേന്ദ്രത്തിലേക്ക് അയയ്ക്കാവൂ. കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ആലോചിക്കണം. ജനമൈത്രി പൊലീസിന്റെ സേവനം ലഹരി മാഫിയക്ക് എതിരെ ഉപയോഗപ്പെടുത്തണം. സംസ്ഥാന അതിര്‍ത്തി വഴി ലഹരിവസ്തുക്കള്‍ കടത്തുന്നതു തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ലഹരി ഉല്‍പ്പന്നങ്ങള്‍ ഫാര്‍മസികളില്‍ നിന്നു കൊടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments