Friday, April 19, 2024
HomeKeralaപാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയണം; വിജിലന്‍സ് റിപോര്‍ട്ട്

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയണം; വിജിലന്‍സ് റിപോര്‍ട്ട്

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപോര്‍ട്ട് .പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിച്ച വിജിലന്‍സ് എറണാകുളം യൂനിറ്റ് ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ല.കരാറുകാരുടെ ചിലവില്‍ പാലം പുതുക്കിപ്പണിയണമെന്നും റിപോര്‍ടില്‍ ആവശ്യപ്പെടുന്നു. കരാര്‍ കമ്പനിയായ ആര്‍ഡിഎസ് എംഡി സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കി തിങ്കളാഴ്ച വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ആര്‍ബിഡിസികെ മുന്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നും റിപോര്‍ടില്‍ ആവശ്യപ്പെടുന്നു. പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ രൂപകല്‍പന, നിലവാരമില്ലാത്ത നിര്‍മാണം, നിര്‍മാണത്തിലെ അപാകത കണ്ടെത്തുന്നതിലെ പിഴവ് എന്നിവയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ശരിയാകാത്തപക്ഷം പാലം പുനര്‍നിര്‍മിക്കണം. വാഹനപ്പെരുപ്പവും വാഹനങ്ങളുടെ ഭാരവും പാലത്തിന് താങ്ങാന്‍ കഴിയുന്നതിനും മുകളിലാണ്. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും പാലം ജനങ്ങളുടെ ജീവന് ഭീഷണിയായി തുടരുന്നത് അനുവദിക്കാനാകില്ല. തുടരന്വേഷണം വേണമെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 17 പേരില്‍ പ്രതികളെന്നു കണ്ടെത്തുന്നവരെ പിന്നീട് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും. 2013ലാണ് മേല്‍പ്പാലം നിര്‍മാണം ആരംഭിച്ചത്. 2016 ഒക്‌ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത് മാസങ്ങള്‍ക്കകം ടാറിങ്ങും കോണ്‍ക്രീറ്റും ഇളകി. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ പരിശോധനയില്‍ അപകടാവസ്ഥ ബോധ്യപ്പെട്ടതോടെ മദ്രാസ് ഐഐടിയിലെ വിദഗ്ധരെ പരിശോധനക്ക് നിയോഗിച്ചു. അവരും ബലക്ഷയം ശരിവച്ചതോടെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു. മെയ് മൂന്നിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍ അശോക് കുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments