ഇരുചക്ര-മുച്ചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

bike

രാജ്യത്തെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിതിൻ ഗഡ്കരിയുടെ കീഴിലുള്ള ഗതാഗത മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സിഎൻബിസി-ടിവി 18 ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

2023-ഓടെ പെട്രോൾ-ഡീസൽ മുച്ചക്രവാഹനങ്ങളും 2025-ഓടെ 150 സിസിയ്ക്കു താഴെയുള്ള പെട്രോൾ ഇരുചക്രവാഹനങ്ങളും നിരത്തിൽ നിന്ന് പിൻവലിക്കാനാണ് പദ്ധതി. പകരം ഇലക്ട്രിക് എഞ്ചിനുള്ള വാഹനങ്ങൾ വിപണിയിലെത്തിക്കണം. ഇതിനുള്ള കരട് പദ്ധതി മന്ത്രാലയം തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്.

ഔദ്യോഗികമായ നടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിൽ ഭാഗഭാക്കാകേണ്ട കക്ഷികളുമായി (വാഹനനിർമ്മാതാക്കൾ ആദിയായവർ) ചർച്ച നടത്തുമെന്നാണ് മന്ത്രാലയുമായി അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹനക്കമ്പോളമാണ് ഇന്ത്യ. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം
മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർദ്ധനവോടെ 2.1 കോടി ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഏഴുലക്ഷം മുച്ചക്ര വാഹനങ്ങളാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിഞ്ഞത്.