പമ്പയിലെ മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കല്‍ ആരംഭിച്ചു

പമ്പയിലെ 1,28,000 മീറ്റര്‍ ക്യൂബ് മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കല്‍ ആരംഭിച്ചെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പ്രളയസമയത്ത് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണല്‍ ഉള്‍പ്പെടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ (ജൂണ്‍ 30 അകം) മണല്‍, മാലിന്യങ്ങള്‍ എന്നിവ നദിയില്‍ നിന്ന് നീക്കം ചെയ്യും.  ഇന്നലെ(ജൂണ്‍ 4) 29 ടിപ്പര്‍, 7 ജെസിബി, 2 ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് 125 ലോഡുകളായി 500 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ചാണ് മണല്‍ മാറ്റുന്നത്. എടുക്കുന്ന മണല്‍ വനംവകുപ്പിന്റെ സ്ഥലമായ പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു പിറകിലുള്ള ഭൂമിയിലാണിടുന്നത്. സ്ഥലസൗകര്യം തികയാതെ വന്നാല്‍ മണല്‍ നിലയ്ക്കലില്‍ ഇടുന്ന കാര്യവും പരിഗണിക്കും. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് 2005 സെക്ഷന്‍ 34 ഡി ആക്ട് പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ അധികാരമുപയോഗിച്ച് റവന്യൂ വകുപ്പ് നേരിട്ടാണ് മണല്‍ മാറ്റുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.    എഡിഎം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, റാന്നി തഹസില്‍ദാര്‍ മിനി.കെ.തോമസ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്.മണി, പ്ലാപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.എസ്.ജയന്‍, സന്നിധാനം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍ പങ്കെടുത്തു.