പുസ്‌തകങ്ങള്‍ കെെയ്യിലെടുത്ത പെണ്‍കുട്ടികളെ തീവ്രവാദികള്‍ ഭയപ്പെടുന്നു: മലാല

പുസ്‌തകങ്ങള്‍ കെെയ്യിലെടുത്ത പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ കൂടുതല്‍ ഭയപ്പെടുന്നതെന്ന് നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്. പാകിസ്ഥാനിലെ ഗില്‍ജിക്- ബാലിസ്ഥാനിലെ 12 സ്‌കൂളുകള്‍ക്ക് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മലാല. ”എന്തിനെയാണ് തങ്ങള്‍ ഭയപ്പെടുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ച്‌ കഴിഞ്ഞു. പുസ്‌തകമുയര്‍ത്തിയ പെണ്‍കുട്ടികളെ. തകര്‍ന്ന സ്‌കൂളുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം. ക്ലാസ് മുറികളിലേക്ക് വിദ്യാ‌ര്‍ത്ഥികള്‍ക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ സാധിക്കണം. വിദ്യാഭ്യാസം നേടാന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ അവസരമുണ്ടെന്ന് തെളിയിക്കണം”- മലാല ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് സ്‌കൂളുകളാണ് കഴിഞ്ഞ ദിവസം തീവ്രവാദ സംഘടനകള്‍ ആക്രമിച്ചത്. ചിലയിടങ്ങളില്‍ പുസ്‌തകങ്ങള്‍ കൂട്ടത്തോടെ കത്തിക്കുകയും ചെയ്‌തിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.