Thursday, April 25, 2024
HomeNationalപേർഷ്യൻ ഉൾക്കടലിൽ വിദേശ കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുന്നു

പേർഷ്യൻ ഉൾക്കടലിൽ വിദേശ കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുന്നു

പേർഷ്യൻ ഉൾക്കടലിൽ വിദേശ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു പ്രകോപനം ശക്തമാക്കി. ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്തു .കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു.

യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്.

ലോകത്തിലെ എണ്ണ കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്ന മേഖലയിൽ ജൂലൈ 18ന് എംടി റിയ എന്ന കപ്പലാണ് ഇറാൻ ആദ്യം പിടിച്ചെടുത്തത്. എണ്ണ കള്ളക്കടത്താണ് കാരണമായി പറഞ്ഞത്. ഒരു ദിവസത്തിനു ശേഷം ബ്രിട്ടന്റെ കീഴിലുള്ള സ്റ്റെന ഇംപറോ പിടിച്ചെടുത്തു.

രാജ്യാന്തര സമുദ്ര കരാർ ലംഘനത്തിന്റെ പേരു പറഞ്ഞായിരുന്നു ഹോർമുസ് കടലിടുക്കിലെ പിടിച്ചെടുക്കൽ. ഇതിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. മൂന്നാമതായി പിടിച്ചെടുത്ത കപ്പല്‍ ഏതു രാജ്യത്തു നിന്നാണെന്നു വ്യക്തമായിട്ടില്ല.

മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യമാണു നിലവിലെന്ന് ഇറാൻ ജനറൽമാരിലൊരാൾ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. ‘ഒറ്റനോട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെ സാഹചര്യം സൈനിക നടപടിയിലേക്കാണു നയിക്കുന്നതെന്നു തോന്നിപ്പിക്കും. എന്നാൽ കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ അത്തരമൊരു നീക്കത്തിനു സാധ്യത വളരെ കുറച്ചേ ഉള്ളൂവെന്നു മനസ്സിലാകും’– ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ പൗർദസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞു.

ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്ഫോടനമുണ്ടാകാൻ– ജനറൽ കൂട്ടിച്ചേർത്തു. കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്റൈനിലാണ് ഇപ്പോൾ യുഎസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്.

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലൈ 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ രാജ്യത്തിന്റെ ചുമതലയാണെന്നും ഇറാൻ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments