കിംസ് ആശുപത്രി ശൃംഖലയിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി;ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

KIMS KOTTAYAM

കിംസ് ബെല്‍റോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികള്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്പി സാബു മാത്യു പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കല്‍), 468 (വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് വ്യാജരേഖ തയ്യാറാക്കല്‍), 471 (വ്യാജരേഖ യഥാര്‍ഥമെന്ന തരത്തില്‍ ഉപയോഗിക്കല്‍), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോട്ടയം കുടമാളൂരില്‍ ബെല്‍റോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്‌നി ബെവിസ് തോമസ് ദമ്പതികള്‍ നല്‍കിയ പരാതിയിലാണു നടപടി. കിംസ് ബെല്‍റോസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. എം ഐ സഹദുല്ല, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇ എം നജീബ്, ജി വിജയരാഘവന്‍, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ സലിം ഗംഗാധരന്‍, മാനേജിങ് ഡയറക്ടര്‍ വി ജി മാത്യു തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. കിംസ് ആശുപത്രി ശൃംഖലയുടെ ഓഹരികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള (ഐപിഒ) നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടുപോവുന്നതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തങ്ങള്‍ക്ക് അന്യായലാഭവും പരാതിക്കാര്‍ക്ക് അന്യായനഷ്ടവും വരുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തുകയും മറ്റും ചെയ്‌തെന്നാണ് എഫ്‌ഐആറിന്റെ ഉള്ളടക്കം. കുടമാളൂരിലുള്ള ബെല്‍റോസ് ആശുപത്രിയുടെ 55 ശതമാനം ഓഹരികള്‍ കരാര്‍പ്രകാരം ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ സ്വന്തമാക്കിയിരുന്നു. ഇവര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകള്‍ തയ്യാറാക്കുകയും ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍നിന്ന് 43 കോടി രൂപ വായ്പയെടുക്കുകയും ചെയ്്തു. കോട്ടയം കിംസ് ബെല്‍റോസ് ആശുപത്രിയുടെ വികസനത്തിനെന്ന പേരില്‍ വായ്പയെടുത്ത തുക ബാങ്കില്‍ തിരിച്ചടയ്ക്കാതെ പരാതിക്കാര്‍ക്ക് 63 കോടിയോളം രൂപ നഷ്ടമാക്കി. പ്രതികള്‍ പരസ്പരം സഹകരിച്ചാണ് വഞ്ചന നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. നേരത്തേ, ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നാലുകോടി രൂപയുടെ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയിരുന്നു.

പരാതിയുടെ വ്യാപ്തിയും സങ്കീര്‍ണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതാവും ഉചിതമെന്നായിരുന്നു കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ ശുപാര്‍ശ. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.