Wednesday, November 6, 2024
HomeCrimeമാന്യനായ കള്ളൻ പിടിയിൽ

മാന്യനായ കള്ളൻ പിടിയിൽ

നൂറിലധികം മോഷണക്കേസുകളിലെ പ്രതി കോഴിക്കോട് കാരന്തൂരില്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി മുഹമ്മദാണ് പിടിയിലായത്. മോഷ്ടിച്ച മുതലുകള്‍ വിറ്റ് ആഡംബര വീടും വാഹനങ്ങളുമെല്ലാമായിട്ടായിരുന്നു ഇയാളുടെ ജീവിതം.
ഭവന ഭേദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി കോഴിക്കോട് കാരന്തൂരില്‍ വച്ചാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി കൊട്ടാപറമ്പില്‍ മുഹമ്മദ് പിടിയിലാകുന്നത്. നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും മോഷണങ്ങള്‍.
വീടിന്റെ പുറക് വശം പൊളിച്ച് അകത്ത് കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും പണവും കവരുന്നതാണ് രീതി. ഒരു രാത്രിയില്‍ കയറാവുന്ന പരമാവധി വീടുകളില്‍ കയറി മോഷണം നടത്തും. ഒറ്റക്കാണ് മോഷണത്തിന് ഇറങ്ങാറുള്ളത്.
നാട്ടില്‍ ഇയാള്‍ മാന്യനായാണ് ജീവിക്കുന്നത്. രണ്ട് കോടി രൂപയോളം വില വരുന്ന വീട്ടിലാണ് താമസം. ഈ വീട്ടിലെ പ്രത്യേകം തയ്യാറാക്കിയ കള്ള അറകളിലാണ് മോഷണ മുതലുകള്‍ സൂക്ഷിക്കാറുള്ളത്. ആഡംബര വാഹനവും ഹെക്ടര്‍ കണക്കിന് റബ്ബര്‍ തോട്ടവും കാസര്‍ക്കോട് ഒരു പെട്രോള്‍ പമ്പും സ്വന്തമായുണ്ട്. ഇവയെല്ലാം ഉണ്ടാക്കിയത് മോഷ്ടിച്ച മുതലുകള്‍ വിറ്റാണെന്ന് പോലീസ് വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്ന വ്യാജേനയാണ് ഇയാള്‍ ജീവിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ മാത്രം മുപ്പത് മോഷണക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ്. മോഷണം കഴിഞ്ഞ് മടങ്ങുന്ന ഇയാള്‍ വളരെ സൗമ്യനായും മാന്യനായും യാതൊരു പരിഭ്രമവുമില്ലാതെ മറ്റുള്ളവരോട് ഇടപഴകുന്നതിനാല്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെ രക്ഷപ്പെടാറാണ് പതിവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments