Sunday, September 15, 2024
HomeKeralaഇന്ന് തിരുവോണം

ഇന്ന് തിരുവോണം

ഇന്ന് തിരുവോണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗതകാല പ്രൗഢിയും നന്മയും പതിവുപോലെ ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ. പൂക്കളുടെ നിറവും മണവും കണ്ണിനും മനസ്സിനും നൽകുന്ന തെളിമയും നന്മയുമാണ് ഓരോ ഓണക്കാലവും. കാലത്തിന്റെ വേഗപ്പാച്ചിലിൽ നാടോർമ്മകൾ അന്യമാകുന്ന മലയാളിക്ക് ഓണക്കാലം ഓർമ്മക്കാലം കൂടിയാണ്. കാർഷിക സമൃദ്ധിയുടെയും നേരിന്റെയും നെറിയുടെയും ആഘോഷം. അത്തം മുതൽ പത്തുദിവസം ആവേശത്തോടെ പൂക്കളം തീർക്കുന്ന കുട്ടിക്കാലം. ഓണക്കോടി. കൂട്ടായ്മയുടെ ഉത്സവമായി പലതരം ഓണക്കളികൾ. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് സദ്യവട്ടത്തിന്റെ തിരക്ക്. മാറിയ കാലത്ത് പലതും ചടങ്ങായി. മഹാബലിയുടെ പ്രതിമക്കെതിരെ പോലും എതിർ സ്വരം ഉയരുന്ന കാലമായി. എങ്കിലും ഐതിഹ്യപ്പെരുമയിൽ പറയുന്നതുപോലെ, ആണ്ടിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന പൊന്നുതമ്പുരാനെ സന്തോഷിപ്പിച്ച് വിടാനുള്ള തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. കാലവും ദേശവും മാറിയപ്പോൾ പൂക്കളവും ഓണക്കോടിയും സദ്യവട്ടവും ഓണക്കളിയുമൊക്കെ ക്ലബുകളിലും സംഘടനകളിലും
ചേക്കേറിയെങ്കിലും എവിടെയും ആഘോഷത്തിന് കുറവില്ല. ആഘോഷത്തിന്റെ കെട്ടുകാഴ്ചയ്ക്കും ഐതിഹ്യത്തിനും എല്ലാം അപ്പുറം ഓണം മലയാളിക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. സത്യത്തിന്റെ, ധർമ്മത്തിന്റെ, നന്മയുടെ, സന്തോഷത്തിന്റെ സുഗന്ധവും തെളിമയുമുള്ള പഴയകാലത്തിന്റെ ഓർമ്മകൾ. ഏവർക്കും സിറ്റിന്യൂസിന്റെ ഓണാശംസകൾ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments