ആഘോഷപരിപാടികള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാര്‍

rajyasabha

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ അതൃപ്തിയറിയിച്ച് മന്ത്രിമാര്‍. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ യുവജനോത്സവം, ഫിലിം ഫെസ്റ്റിവല്‍, ടൂറിസം വകുപ്പിന്റെ കലാപരിപാടികള്‍ എന്നിവ ഒഴിവാക്കുന്നുവെന്നായിരുന്നു പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഈ പരിപാടികള്‍ക്കായി മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ വിദ്യാഭ്യാസ- ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടന്നിരുന്നില്ലെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ആഘോഷങ്ങള്‍ ഒഴിവാക്കുകയല്ല മറിച്ച്‌ ആര്‍ഭാടങ്ങള്‍ മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് എ. കെ ബാലന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം നിരാശയുണ്ടാക്കിയെന്ന് സൂചിപ്പിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും രംഗതെത്തി. അക്കാദമി ഫണ്ട് ഉപയോഗിച്ച്‌ ചലച്ചിത്രമേള നടത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.