ലഹരി ഉപയോഗിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി.കരോള്‍ ലിങിലെ കോടതിയാണ് 40- കാരനായ തിരുചെല്‍വം മണിയത്തിന് ആറര വര്‍ഷം തടവിന് പുറമെ ചൂരല്‍ വടികൊണ്ട് മൂന്ന് അടിയും ശിക്ഷയായി വിധിച്ചതെന്ന് ‘ദി സ്ട്രെയ്റ്റ് ടൈംസി’നെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 20-തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി ഉപയോഗിച്ച് അര്‍ധബോധാവസ്ഥയില്‍ ബസ് സ്റ്റോപ്പില്‍ മയങ്ങുകയായിരുന്നു യുവതിയും പുരുഷസുഹൃത്തും. ഇത് ശ്രദ്ധയില്‍പ്പെട്ട മണിയം 30-കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രുതി ബൊപ്പണ്ണ വിശദമാക്കി.
അര്‍ധബോധാവസ്ഥയില്‍ ബസ് സ്റ്റോപ്പില്‍ ഉറങ്ങുകയായിരുന്ന ദമ്പതികളെ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് പ്രതി കണ്ടത്. 30 മിനിറ്റോളം റോഡിലൂടെ നടന്ന് വഴിയാത്രക്കാര്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം യുവതിയെ പുരുഷസുഹൃത്തിന്‍റെ അടുത്ത് നിന്നും മാറ്റി പീഡിപ്പിക്കുകയായിരുന്നു.