എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി.
തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത മന്ത്രി മാനേജ്മെന്റ്, യൂനിയൻ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കിയത്. പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ നിര്‍ബന്ധിച്ച് അയച്ചാണ് യാത്രാക്ലേശം പരിഹരിച്ചത്.
ഇന്ന് 637 സര്‍വീസുകളാണ് റദ്ദാക്കിയത്. തെക്കന്‍ മേഖലയില്‍-339, മദ്ധ്യമേഖലയില്‍-249, വടക്കന്‍ മേഖലയില്‍ 57 സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിപ്പോയില്‍ മാത്രം 103 സര്‍വീസുകളാണ് റദ്ദാക്കിയത്. കൊല്ലം- 30, കൊട്ടാരക്കര- 17, പത്തനംതിട്ട- 21, മലപ്പുറം- 25, ഇടുക്കി -32, ആലപ്പുഴ- 21, പാലക്കാട് -23 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ റദ്ദാക്കിയ സര്‍വീസുകള്‍. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മലയോര മേഖലകളെ സാരമായി ബാധിച്ചു.
കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 താല്‍ക്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടതോടെ യാത്രാപ്രതിസന്ധി ആരംഭിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്. യാത്രാക്ലേശം രൂക്ഷമായതോടെ പലയിടങ്ങളിലും യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുകള്ളവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യൂണിയനുകളുടെ ആവശ്യം. സര്‍വീസുകള്‍ റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
ഒരു കോടിയോളം രൂപയാണ് പ്രതിദിനം നഷ്ടമാകുന്നത്. ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ 65 കോടിയോളം രൂപ വേണം. ഒപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തുക കണ്ടെത്തേണ്ടതുണ്ട്.