സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ്.
ഹൈടെക് കോപ്പിയടിയുടെ കള്ളത്തരത്തിലേക്ക് ഒരു എത്തി നോട്ടം.
ആദ്യം സഫീർ ഷർട്ടിന്റെ പോക്കറ്റിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചു. തുടർന്ന് ക്യാമറ ഗൂഗിൾ ഡ്രൈവിലേക്കു കണക്ട് ചെയ്തു. ചോദ്യക്കടലാസ് ക്യാമറയുടെ സഹായത്താൽ സ്കാൻ ചെയ്തു ഗൂഗിൾ ഡ്രൈവിലൂടെ ഹൈദരാബാദിൽ ഭാര്യ ജോയ്സിക്ക് ലഭിക്കുന്നു. ഉത്തരം ജോയ്സി പറഞ്ഞുകൊടുക്കുകയും ബ്ലൂടൂത്ത് ഡിവൈസ് വഴി സഫീറിന്റെ കാതിലെ ചെറിയ ഇയർ ഫോണിലേക്ക് ശബ്ദസന്ദേശം ലഭിക്കുകയും ചെയ്തു.
ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെയാണു തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. കോപ്പിയടിക്കു സാങ്കേതിക സഹായം നൽകിയെന്നു കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് ഇവർ. സ്ഥാപനത്തിലെ ഹാർഡ് ഡിസ്ക്കുകൾ പൊലീസ് പിടിച്ചെടുത്തു.വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയ സംഘം ശനിയാഴ്ച പുലർച്ചെയാണ് ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെന്നൈയിലേക്കു കൊണ്ടുപോയ ഇവരെ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹൈടെക് കോപ്പിയടിക്കു സഫീർ കരീമിനെ സഹായിച്ചതിന് ഭാര്യ ജോയ്സി, സഫീറിന്റെ സുഹൃത്ത് ഡോ. പി. രാംബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളെയും കൂട്ടിയാണ് ജോയ്സി ജയിലിലേക്കു പോയത്. പിന്നീട് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്സിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നു വർഷം മുൻപ്, സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ധാർമികത, സത്യസന്ധത, അഭിരുചി എന്നിവ ഉൾപ്പെട്ട നാലാം പേപ്പറിൽ ഉന്നത വിജയം നേടിയ ആളാണു സഫീർ. സഫീർ കരീമിന്റെ നെടുമ്പാശേരി വയൽക്കരയിലെ വീട്ടിലും കൊച്ചിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും തമിഴ്നാട് പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.