കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. ശക്തമായ മഴ പെയ്താൽ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും വെള്ളം കയറും. വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കിടെയാണ് ചുറ്റുമതിൽ തകർന്ന് സ്കൂളിനോടു ചേർന്നൊഴുകുന്ന ചിറയ്ക്കൽ തോട്ടിലേക്ക് പതിച്ചത്. മൂന്നു മീറ്ററോളം ഉയരമുള്ള മതിൽ 15 മീറ്ററോളം നീളത്തിൽ ഇടിഞ്ഞിട്ടുണ്ട്. മതിലിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ നിറഞ്ഞതു മൂലം വെള്ളമൊഴുക്ക് തടസപ്പെട്ടു.
ഇതോടെയാണ് ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. അഗ്നിശമനസേന ചിറ്റാർ–വടശേരിക്കര റോഡിൽ പേഴുംപാറ ഭാഗത്തു വീണു കിടന്ന മരം മുറിച്ചു നീക്കാനെത്തിയ അഗ്നിശമനസേനയാണ് വിദ്യാർഥികൾക്ക് രക്ഷകരായത്. സ്കൂൾ ഗ്രൗണ്ടിലെ ഓടയുടെ സ്‌ലാബ് നീക്കിയും മതിൽ തുരന്നും ഗ്രൗണ്ടിൽ കെട്ടിക്കിടന്ന വെള്ളം അവർ ഒഴുക്കിവിടുകയായിരുന്നു.
അവശിഷ്ടം മതിലിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും തോട്ടിൽ കിടക്കുകയാണ്. അവ നീക്കാതെ വെള്ളമൊഴുക്ക് സാധ്യമാകില്ല. സ്കൂളിനോടു ചേർന്ന പുരയിടങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. ശേഷിക്കുന്ന മതിൽ ഇനിയും ഇടിയാനും സാധ്യതയുണ്ട്. അതു സംഭവിച്ചാലും ഇല്ലെങ്കിലും കനത്ത മഴ പെയ്താൽ ഗ്രൗണ്ടിൽ വെള്ളം കയറും. അതൊഴിവാക്കാനുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടത്.